മുഖ്യമന്ത്രിക്കും സിബിഐക്കും പരാതി നൽകി മുസ്ലിം യൂത്ത് ലീഗ്
മലപ്പുറം: മതസൗഹാർദ്ദത്തിനും മാനവ സാഹോദര്യത്തിനും പേരുകേട്ട മലപ്പുറം ജില്ലയുടെ പോലീസ് മേധാവി സ്ഥാനത്തിരുന്ന് സുജിത്ത് ദാസ് ഐപിഎസ് നടത്തിയ ക്രമവിരുദ്ധമായ വഴിവിട്ട മുഴുവൻ കാര്യങ്ങളും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി,ഡിജിപി, സിബിഐ എന്നിവർക്ക് പരാതി നൽകി. സുജിത്ത് ദാസ് ജില്ലാ പോലീസ് സൂപ്രണ്ട് ആയിരുന്ന കാലഘട്ടത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പുനരന്വേഷണവും പുനപരിശോധനയും വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ജില്ലയിൽ കേസുകളുടെ റേറ്റ് ക്രമാതീതമായി വർധിപ്പിക്കുകയും കൊടും കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ റേറ്റ് കുത്തനെ കൂടുന്ന ജില്ലയാക്കി മലപ്പുറത്തെ മാറ്റുകയും ചെയ്യുന്നതിന് സഹായകമാവും വിധമാണ് സുജിത്ത് ദാസ് പ്രവർത്തിച്ചത്. ഇത് രാജ്യത്തെ ക്രൈം റെക്കോർഡ്സ് ബ്യൂറോയും ദേശീയ മാധ്യമങ്ങൾ വരെയും റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ചെറിയ കുറ്റങ്ങൾ പോലും വലിയ കുറ്റകൃത്യങ്ങളായി ചിത്രീകരിച്ച് മാനദണ്ഡങ്ങൾ പലതും കാറ്റിൽ പറത്തിയാണ് ഈ നടപടികളെല്ലാം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചെയ്തത്. സുജിത്ത് ദാസ് പോയി പുതിയ എസ്പി വന്നെങ്കിലും കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന്റെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മാറ്റം ഒന്നും ഇതു വരെ ഉണ്ടായിയിട്ടില്ല. ഇത്തരം പ്രവർത്തനങ്ങൾക്ക് തടയിടാൻ പുതിയ പോലീസ് മേധാവിക്കും സാധിച്ചിട്ടില്ല. മറ്റു ജില്ലകളിൽ നിന്ന് പിടിക്കപ്പെട്ട ലഹരി കേസുകൾ മലപ്പുറത്ത് രജിസ്റ്റർ ചെയ്യുക, കാപ്പാ സെല്ല് രൂപീകരിച്ച് മൂന്നിലേറെ കേസുകളിൽ ഉൾപ്പെട്ടവരെ കാപ്പ ചുമത്തി നാടുകടത്തുക, കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ പോലീസ് ഉദ്യോഗസ്ഥർക്കുള്ള ബന്ധം, കേസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സ്പെഷ്യൽ ഡ്രൈവ്, ഡാൻസാഫ് എന്ന സംവിധാനം തോന്നിയപോലെ ദുരുപയോഗം ചെയ്യുക , ഏറ്റവും ഒടുവിൽ എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് ഫർണിച്ചർ ആക്കി കടത്തിക്കൊണ്ടു പോകുക എന്നീ വിഷയങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പരാതിയിലൂടെ ആവശ്യപ്പെട്ടു.
താനൂർ പോലീസ് സ്റ്റേഷനിൽ താമിർ ജിഫ്രിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സുജിത്ത് ദാസ് ഐപിഎസ് നിലമ്പൂർ എംഎൽഎ പി വി അൻവറുമായി നടത്തിയ ഫോൺ സംഭാഷണത്തിലെ നിർണായകമായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സുജിത്ത് ദാസ് ഐപിഎസിനെയും കേസിൽ പ്രതി ചേർക്കണമെന്നും ഈ വിഷയത്തിൽ പിവി അൻവർ എംഎൽഎയുടെ മൊഴി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സിബിഐക്ക് പരാതി നൽകിയത്. സിബിഐയുടെ അന്വേഷണ പരിധിയിൽ ഇരിക്കുന്ന കേസിനെ കുറിച്ച് പോലീസ് സേനയുടെ ഉന്നതസ്ഥാനത്ത് ഇരിക്കുന്ന വ്യക്തി നടത്തുന്ന വെളിപ്പെടുത്തലുകൾ അത്യന്തം നിർണായകവും ഗുരുതരവുമാണ്. പ്രസ്തുത വെളിപ്പെടുത്തലുകൾ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പരാതിയിൽ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ടുള്ള നിർണായകമായ വിവരങ്ങൾ സുജിത്ത് ദാസിന്റെ ഈ ഫോൺ സംഭാഷണത്തിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. ആയതിനാൽ ഈ വെളിപ്പെടുത്തലുകളും,ഫോൺ സംഭാഷണങ്ങളും ഗൗരവത്തിൽ എടുത്ത് കേസിന്റെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവരിൽ നിന്ന് അനുകൂലമായ സമീപനം ഉണ്ടാവാത്ത പക്ഷം പ്രക്ഷോഭത്തോടൊപ്പം നിയമനടപടികൾക്ക് കൂടി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നേതൃത്വം നൽകുമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂരും ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫും പറഞ്ഞു.
Leave a Reply