റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പൊന്നാനി- തൃശൂര്‍ കോള്‍നിലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വെള്ളപ്പൊക്കവും വരള്‍ച്ചയും മറികടക്കുന്നതിനും നെല്ലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കെ എല്‍ ഡി സി, കെ എസ് ഇ ബി തുടങ്ങിയ ഏജന്‍സികളുടെ സഹകരണത്തോടെ 198.18 കോടി രൂപയുടെ പദ്ധതി നടപ്പാക്കി വരികയാണെന്ന് റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചു. കോള്‍പ്പടവ് കര്‍ഷകരുടെ വാര്‍ഷിക പൊതുയോഗം തൃശൂര്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജലവിതരണം കാര്യക്ഷമമായി നിര്‍വഹിക്കുന്നതിനും, വ്യത്യസ്ത സമയങ്ങളില്‍ കൃഷി ആരംഭിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കാര്‍ഷിക കലണ്ടര്‍ ഉടന്‍ പ്രസിദ്ധീകരിക്കും. കോള്‍ മേഖലയെ തെക്ക് വടക്കായി തിരിച്ച്, ഒരു മേഖലയില്‍ ഉപയോഗിച്ച വെള്ളം ഇതര മേഖലയില്‍ കൃഷിയുടെ സമയമാകുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയത്തക്ക വിധം സംഭരിച്ച് കുമ്മായത്തിന്റെ ഉപയോഗം കുറയ്ക്കുവാന്‍ ശ്രമിക്കുക, ചിറക്കല്‍ തോട്, പുത്തന്‍തോട് സ്ലൂയിസുകള്‍ അടച്ച് ഏനമാക്കല്‍, മുനയം, വളയം കെട്ടുകളുടെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ആലപ്പാട്ട് പുള്ള് മേഖലയിലെ ജല നിയന്ത്രണം ഓഗസ്റ്റ് ആദ്യവാരം തന്നെ ആരംഭിക്കുന്നതിന് ജലസേചന വകുപ്പ് നടപടി സ്വീകരിക്കുക, കോള്‍ മേഖലയിലെ ജലസേചന കനാലുകളിലെ ചണ്ടി, കുളവാഴ എന്നിവ അടിയന്തരമായി നീക്കം ചെയ്യുക, കൃഷി വകുപ്പ് ആവശ്യമായ നെല്‍വിത്ത്, കുമ്മായം എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തുക, കാര്‍ഷിക കലണ്ടര്‍ പ്രകാരമുള്ള സമയക്രമം എല്ലാ കര്‍ഷകരും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ രൂപരേഖയാണ് വാര്‍ഷിക പൊതുയോഗത്തില്‍ സമര്‍പ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കൃഷി ഭൂമി നികത്തിയത് പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് രണ്ട് കോടി രൂപ റിവോള്‍വിങ് ഫണ്ട് അനുവദിക്കും. കൃഷി ഭൂമി നികുത്തന്നതിന് നേതൃത്വം നല്‍കുന്നവരില്‍ നിന്ന് റവന്യൂ റിക്കവറിയിലൂടെ സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന്റെ ചെലവ് കാശ് ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.വി സജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുരളി പെരുനെല്ലി എം എൽ എ, സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ്, വിവിധ കോള്‍പടവ് കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉപദേശകസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു
കോള്‍കര്‍ഷക ഉപദേശക സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. മുല്ലശ്ശേരി മേഖല- മുരളി പെരുനെല്ലി എം.എല്‍.എ, ചേര്‍പ്പ്- കെ.കെ കൊച്ചുമുഹമ്മദ്, ഏനാമാവ്- എന്‍.കെ സുബ്രഹ്‌മണ്യന്‍, തൃശൂര്‍- കണിമംഗലം മേഖല- കോളങ്ങാട്ട് ഗോപീനാഥന്‍, ആലപ്പാട്- അന്തിക്കാട് മേഖല- കെ.കെ രാജേന്ദ്രബാബു, പാറളം, പള്ളിപ്പുറം, കോടന്നൂര്‍ – പി.ആര്‍ വര്‍ഗീസ് മാസ്റ്റര്‍, കാറളം, ചെമ്മണ്ട മേഖല- കെ.കെ ഷൈജു, കാറളം, കരുവന്നൂര്‍, മുരിയാട് മേഖല- എ.ആര്‍ രാജീവ്, അടാട്ട്, പറപ്പൂര്‍ മേഖല- കെ.എസ് സുധീര്‍, അരിമ്പൂര്‍- അഡ്വ. വി സുരേഷ്‌കുമാര്‍, കാട്ടൂര്‍- എടതിരിഞ്ഞി മേഖല കെ.എച്ച് അബൂബക്കര്‍ എന്നീ 11 അംഗ ഉപദേശകസമിതിയെയാണ് തിരഞ്ഞെടുത്തത്.
Leave a Reply