കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുൻ ഡിജിപി ആർ. ശ്രീലേഖക്കെതിരെ അതിജീവിത. തന്നെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിത വിചാരണ കോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയത്.
ശ്രീലേഖ ദിലീപിന് അനുകൂലമായി നടത്തിയ പരാമർശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ചില ഓണ്‍ലൈൻ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും തന്റെ യൂട്യൂബ് ചാനലിലുമാണ് ദിലീപിന് അനുകൂലമായി ശ്രീലേഖ സംസാരിച്ചത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് സംസ്ഥാന പൊലീസിലെ മുതിര്‍ന്ന ഡി.ജി.പി ആയിരുന്ന ശ്രീലേഖ പൊലീസ് കണ്ടെത്തലുകളെ തള്ളി രംഗത്തെത്തിയത്.
കേസില്‍ ബുധനാഴ്ച അന്തിമവാദം എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ ആരംഭിക്കാനിരിക്കെയാണു നടപടി. ഇന്നലെ കേസില്‍ നീതി തേടി അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തില്‍ ഇടപെടണമെന്നാണ് കത്തിലൂടെ അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈകോടതിയും സുപ്രീംകോടതിയും നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്.
Leave a Reply