ഒട്ടാവ: വിദേശവിദ്യാർഥികൾക്ക് ഫാസ്റ്റ് ട്രാക്ക് വിസ നൽകുന്നത് അവസാനിപ്പിച്ച് കാനഡ. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്.) അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ് കാനഡ (ഐ.ആർ.സി.സി.) വെള്ളിയാഴ്ച പ്രസ്താവനയിൽ അറിയിച്ചു.
വിദ്യാർഥികൾക്ക് വളരെ വേഗത്തിൽ രേഖകളുടെ പരിശോധനകൾ നടത്തുകയും ഏറ്റവും കൂടുതൽ അപേക്ഷകൾ അംഗീകരിക്കുകയും ചെയ്തിരുന്ന കാനഡയുടെ പദ്ധതിയാണ് എസ്ഡിഎസ്.
കൂടുതൽ വിദ്യാർഥികൾക്ക് അനുമതി ലഭിക്കുന്നതും അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയാകുന്ന തരത്തിലുള്ളതുമായിരുന്നു എസ്.ഡി.എസ്. ഇത് നിർത്തലാക്കിയതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് ഇനി ദൈർഘ്യമേറിയ വിസ നടപടി ക്രമങ്ങളിലൂടെ കടന്നുപോകേണ്ടിവരും.
2018-ലാണ് കാനഡ എസ്.ഡി.എസ്. പദ്ധതി ആവിഷ്കരിച്ചത്. വിദേശ വിദ്യാർഥികൾക്ക് കാനഡയിൽ തുടർവിദ്യാഭ്യാസം നേടാൻ കാലതാമസം വരാതിരിക്കാൻ എസ്.ഡി.എസ്. പദ്ധതി ഗുണം ചെയ്തിരുന്നു. ഇന്ത്യയിൽ നിന്നും ചൈനയിൽനിന്നുമുള്ള വിദ്യാർഥികളെ മുന്നിൽ കണ്ടായിരുന്നു കാനഡ എസ്.ഡി.എസ്. പദ്ധതി ആവിഷ്കരിച്ചത്. ഭാഷയും സാമ്പത്തിക പ്രതിബദ്ധതയും മാത്രമായിരുന്നു ഈ പദ്ധതിയിൽ കാനഡ പരിഗണിച്ചിരുന്നത്. പ്രാദേശിക സമയം നവംബർ എട്ടിന് ഉച്ചയ്ക്ക് രണ്ടുവരെ ലഭിച്ച അപേക്ഷകൾ മാത്രമെ പരിഗണിക്കൂ എന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ സാധാരണ സ്റ്റഡി പെർമിറ്റ് അപേക്ഷകൾ പോലെയാകും ഇനി പരിഗണിക്കുക. ഇന്ത്യ-കാനഡ നയതന്ത്രപ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് ഫാസ്റ്റ് ട്രാക്ക് വിസ നൽകുന്നത് അവസാനിപ്പിച്ചത്.
Leave a Reply