ബ്രിട്ടിഷ് പാർലമെന്‍റിൽ ഇന്ത്യൻ മയം

ബ്രിട്ടിഷ് പാർലമെന്‍റിൽ ഇന്ത്യൻ മയം

ലണ്ടന്‍: ബ്രിട്ടിഷ് പാർലമെന്‍റിലേക്കു വിജയിക്കുന്ന ആദ്യ മലയാളിയായി കോട്ടയം സ്വദേശി സോജൻ ജോസഫ്. കൺസർവേറ്റിവുകളുടെ കുത്തകയായിരുന്ന കെന്‍റിലെ ആഷ്ഫഡ് മണ്ഡലത്തിൽ നിന്ന് 1779 വോട്ടുകൾക്കാണു ലേബർ പാർട്ടി സ്ഥാനാർഥി സോജന്‍റെ വിജയം. കണ്‍സര്‍വേറ്റിവ് സ്ഥാനാര്‍ഥി ഡാമിയന്‍ ഗ്രീനിന് 13,484 വോട്ടുകള്‍ (28.7 ശതമാനം) മാത്രം ലഭിച്ചപ്പോൾ സോജന്‍ ജോസഫിന് 15,262 വോട്ടുകള്‍ (32.5 ശതമാനം) നേടാനായി. റിഫോം യുകെയുടെ ട്രിസ്ട്രാം കെന്നഡി ഹാര്‍പ്പര്‍ 10000ലേറെ വോട്ട് നേടിയതും സോജന്‍റെ വിജയത്തിൽ നിർണായകമായി. രേസ മേയ് മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയുടെ ചുമതല വഹിച്ചിട്ടുള്ള നേതാവാണ് ഗ്രീൻ. 1997 മുതല്‍ തുടര്‍ച്ചയായി ഇവിടത്തെ എംപിയാണ്.

കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്‍റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് സോജന്‍. മാന്നാനം കെഇ കോളെജിലെ പഠനശേഷം ബംഗളൂരുവിൽ നിന്നു നഴ്സിങ് പഠനം പൂർത്തിയാക്കി 2001ലാണ് യുകെയിലെത്തുന്നത്. കെന്‍റ് ആന്‍ഡ് മെഡ്‌വേ എന്‍എച്ച്എസ് ആന്‍ഡ് സോഷ്യല്‍ കെയര്‍ പാര്‍ട്‌നര്‍ഷിപ്പ് ട്രസ്റ്റില്‍ മാനസികാരോഗ്യവിഭാഗം നഴ്‌സിങ് മേധാവിയാണ് സോജന്‍ ജോസഫ്. ഭാര്യ ബ്രൈറ്റ ജോസഫും നഴ്സാണ്. വിദ്യാര്‍ഥികളായ ഹാന്ന, സാറ, മാത്യു എന്നിവര്‍ മക്കൾ.

സോജന്‍റെ വിജയം ബ്രിട്ടനിലെ മലയാളികളെയാകെ ആവേശത്തിലാക്കിയിട്ടുണ്ട്. സ്വദേശമായ കൈപ്പുഴയിലെ വീട്ടിൽ ബന്ധുക്കളും സുഹൃത്തുക്കളും മധുരം വിതരണം ചെയ്തും പടക്കംപൊട്ടിച്ചുമാണ് ആഘോഷിച്ചത്.

Leave a Reply

Your email address will not be published.