‘ബിജെപി ഓഫിസിൽ കുറേ പണം വന്നു, അതു സൂക്ഷിച്ചു’

‘ബിജെപി ഓഫിസിൽ കുറേ പണം വന്നു, അതു സൂക്ഷിച്ചു’

തൃശൂര്‍: ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയ കൊടകര കള്ളപ്പണക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശൻ. പണം തൃശൂർ ഓഫിസിലെത്തിയിരുന്നു. അത് പാർട്ടി പണം തന്നെയായിരുന്നുവെന്നും സതീശൻ. 

പണം കൊണ്ടുവന്നത് കോഴിക്കോട് സ്വദേശി ധര്‍മ്മരാജ് ആണ്. പണമെത്തിച്ച ധര്‍മ്മരാജന് ബിജെപി മുറിയെടുത്ത് നല്‍കിയെന്നും സതീശന്‍. ആറു ചാക്കില്‍ കെട്ടിയാണ് പണം കൊണ്ടുവന്നത്. ടെമ്പോയിലാണ് എത്തിച്ചത്. ചാക്കു നിറയെ പണമുണ്ടായിരുന്നെങ്കിലും, അതിനകത്ത് പണമാണെന്ന് താന്‍ അറിഞ്ഞത് പിന്നീടാണെന്നും സതീശന്‍ പറഞ്ഞു. സ്വാഭാവികമായിട്ടും വിചാരണ സമയത്ത് കോടതിയില്‍ പറയാനിരുന്ന കാര്യങ്ങളാണ്. മനസ്സിലിരുന്ന് കുറേനാളായി വിങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചതുകൊണ്ട് ഇപ്പോള്‍ വെളിപ്പെടുത്തിയതാണെന്നും സതീശന്‍ പറഞ്ഞു.

അനധികൃതമായ പണം ആണോയെന്ന് അറിയില്ല. ഓഫീസില് കുറേ പണം വന്നു, അതു സൂക്ഷിച്ചു. കൊടുക്കേണ്ട ആളുകള്‍ക്ക് അതാതിന്റെ ചുമതലപ്പെട്ട ആളുകള്‍ കൊടുത്തിട്ടുണ്ട്. അതെല്ലാം ജില്ലാ നേതാക്കള്‍ ചെയ്യേണ്ടതാണ്. ഓഫീസ് സെക്രട്ടറി എന്ന നിലയില്‍ ഓഫീസിലെ കാര്യങ്ങളാണ് താന്‍ ശ്രദ്ധിച്ചത്. സത്യസന്ധമായ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തും. സംഭവങ്ങള്‍ നടക്കുന്ന സമയത്തൊക്കെ കുറച്ച് പണം അവിടെയുണ്ടായിരുന്നു. അതിന്റേതായ കുറേ കാര്യങ്ങള്‍ പിന്നീട് പറയാം.


ചാക്കില്‍ നിന്നും ആളുകള്‍ പണമെടുക്കുന്നതു കണ്ടപ്പോഴാണ് പണമാണെന്ന് മനസ്സിലായത്. നമ്മുടെ പേരില്‍ വിശ്വസിച്ച് ഓഫീസിന്റെ കാര്യങ്ങളും താക്കോലും ഏല്‍പ്പിക്കുമ്പോള്‍ അവിടെ നമ്മുടെ പേരില്‍ കറപ്ഷന്‍ വരാന്‍ പാടില്ലെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് രാത്രിയിലും പകലുമെല്ലാം ശ്രദ്ധിച്ചിരിക്കണം. ഇപ്പോള്‍ മാധ്യമങ്ങള്‍ ചോദിച്ചതുകൊണ്ടാണ് യാഥാര്‍ത്ഥ്യം പറഞ്ഞത്. ഇപ്പോള്‍ ഞാന്‍ ഓഫീസ് സെക്രട്ടറിയല്ല. അന്ന് ഓഫീസ് സെക്രട്ടറിയായിരുന്നു. അന്ന് ജില്ലാ നേതാക്കളും പാര്‍ട്ടി നേതൃത്വവും പറഞ്ഞതാണ് മൊഴി കൊടുക്കേണ്ടി വന്നത്. കോടതിയില്‍ മൊഴി കൊടുക്കാന്‍ പോകുന്ന സത്യാവസ്ഥകളാണ് തുറന്നുപറഞ്ഞതെന്നും തിരൂര്‍ സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.