ന്യൂഡൽഹി: കൊളോണിയൽ കാലത്തെ നിയമങ്ങളിൽ സമഗ്ര മാറ്റവുമായി രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ. ബ്രിട്ടിഷ് ഭരണകാലത്ത് രൂപപ്പെടുത്തിയ ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ തിങ്കളാഴ്ച (2024 ജൂലൈ 1) മുതൽ പ്രാബല്യത്തിൽ.
കുറ്റകൃത്യം നടന്ന പ്രദേശം കണക്കിലെടുക്കാതെ ആദ്യ അന്വേഷണ റിപ്പോർട്ട് തയാറാക്കുന്ന ‘സീറോ എഫ്ഐആർ, പൊലീസിന് ഓൺലൈനിൽ പരാതി നൽകാനാകുന്ന സംവിധാനം, എസ്എംഎസിലൂടെ സമൻസ്, ഹീനമായ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ പൂർണമായി വിഡിയൊ ദൃശ്യം പകർത്തൽ തുടങ്ങി ആധുനിക നീതിന്യായ വ്യവസ്ഥയോട് ചേർന്നുപോകുന്നതാണ് പുതിയ നിയമങ്ങൾ. അതേസമയം, രാജ്യത്തിന്റെയും ഭരണഘടനയുടെയും എല്ലാ ധാർമിക മൂല്യങ്ങളും ഉൾക്കൊള്ളുന്നവയാണു പുതിയ നിയമങ്ങളെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ.
ബ്രിട്ടിഷ് നിയമങ്ങളിൽ ശിക്ഷാ നടപടിക്കാണു പ്രാധാന്യമെങ്കിൽ പുതിയ നിയമങ്ങളിൽ നീതിക്കാണ് പ്രാമുഖ്യമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇത് ഇന്ത്യക്കാർ നിർമിച്ച നിയമമാണ്. ഇന്ത്യൻ പാർലമെന്റാണിത് ചർച്ച ചെയ്ത് അംഗീകരിച്ചത്. കൊളോണിയൽ ക്രിമിനൽ നീതി നിയമങ്ങൾക്ക് ഇവിടെ അവസാനമാകുന്നു. കേവലം പേരുമാറ്റമല്ല, ആത്മാവും ശരീരവും സത്തയും മാറിയിട്ടുണ്ട് പുതിയ നിയമങ്ങളെന്നും അദ്ദേഹം.
Leave a Reply