സംസ്ഥാന പെര്‍മിറ്റ്: ഓട്ടോറിക്ഷകള്‍ അപകടം വര്‍ധിപ്പിക്കുമോ?

സംസ്ഥാന പെര്‍മിറ്റ്: ഓട്ടോറിക്ഷകള്‍ അപകടം വര്‍ധിപ്പിക്കുമോ?

തൃശൂര്‍: സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് കൊടുത്തതുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും ഓട്ടോ ഡ്രൈവര്‍മാരും സംഘടനകളും. വിഷയത്തില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും താത്പര്യക്കുറവുണ്ട്. സംസ്ഥാന പെര്‍മിറ്റ് കൊടുക്കുക വഴി നിരവധി പ്രശ്‌നങ്ങള്‍ക്കും പ്രതസന്ധികള്‍ക്കും കാരണമാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ജില്ലാ അതിര്‍ത്തി വിട്ട് 20 കിലോമീറ്റര്‍ ദൂരം മാത്രമേ ഓട്ടോറിക്ഷകള്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയുള്ളൂ. ഇത് 30 കിലോമീറ്ററാക്കി ഉയര്‍ത്താന്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ സിഐടിയു ആവശ്യപ്പെട്ടിരുന്നതുമാണ്. എന്നാല്‍ സംസ്ഥാന പെര്‍മിറ്റാക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്.
ടാക്‌സികളേക്കാള്‍ കിലോ മീറ്റര്‍ ചാര്‍ജ് കുറവായതിനാല്‍ ഭൂരിഭാഗം പേരും ദീര്‍ഘദൂര യാത്രയ്ക്ക് ഓട്ടോറിക്ഷയെ ആശ്രയിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ സംസ്ഥാനത്ത് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ദേശീയപാതയായ 66 ഉം തീരദേശ ഹൈവേയും മലയോര ഹൈവേയുമെല്ലാം അതിവേഗത്തില്‍ വലിയ വാഹനങ്ങള്‍ പോകുന്ന റോഡുകളായിരിക്കും. ഇവിടെ ഓട്ടോറിക്ഷകളെത്തുന്നതോടെ അപകട നിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. മാത്രമല്ല വലിയ ദൂരം യാത്ര ചെയ്യുന്നതിനുള്ള ക്ഷമത ഓട്ടോറികള്‍ക്കില്ലെന്നും ഇവര്‍ പറയുന്നു.
അതേസമയം പഴയ ഓട്ടോറിക്ഷകളേക്കാള്‍ ക്ഷമത കൂടിയതാണ് പുതിയ ഓട്ടോകള്‍ എന്നാണ് സംസ്ഥാന പെര്‍മിറ്റിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. മുന്‍പ് ഡ്രൈവര്‍ സീറ്റിനടിയിലായിരുന്നു എന്‍ജിന്‍. നിലവില്‍ പിന്‍ഭാഗത്തായതിനാല്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്നും ഇവര്‍ വാദിക്കുന്നു. സംസ്ഥാന പെര്‍മിറ്റ് ഓട്ടോകള്‍ക്ക് ലിക്കുന്നതോടെ റോഡപകടങ്ങളുടെ നിരക്ക് കണ്ടു തന്നെ അറിയാമെന്നാണ് ചില ഉദ്യോഗസ്ഥര്‍ പറയുന്നത്.

Leave a Reply

Your email address will not be published.