തിരുവനന്തപുരം: എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങൾ’ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ പുരസ്കാരം നല്‍കാനെത്തിയ നടന് ആസിഫ് അലിയെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയില്‍ വീഡിയോ വൈറലായിരുന്നു. ഈ അന്തോളജി സീരിസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് പ്രമുഖ സംഗീതജ്ഞന് രമേഷ് നാരായണ്‍ ആയിരുന്നു. അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്കാന് നടന് ആസിഫ് അലിയെയാണ് ക്ഷണിച്ചത്.
എന്നാല്‍ ആസിഫ് അലി പുരസ്കാരം നല്കിയപ്പോള് അദ്ദേഹത്തെ ഒന്നു നോക്കുകയോ ഹസ്താദാനം ചെയ്യുകയോ ചെയ്യാതെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ താന്‍ സംഗീതം നല്കിയ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിന്റെ സംവിധായകന് ജയരാജിനെ വിളിച്ച് ഒന്നുകൂടി പുരസ്കാരം വാങ്ങിയെന്നാണ് ആരോപണം. ആസിഫ് അലിയെ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയില്‍ വലിയ തോതിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രമേഷ് നാരായണ്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്നാണ് രമേഷ് നാരായണ്‍ പറയുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ അങ്ങനെ തോന്നിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ആസിഫിനെ വിളിച്ചു സംസാരിക്കും. ഞാൻ ഏറെ ബഹുമാനിക്കുന്ന നടനാണ് ആസിഫ് അലിയെന്നും രമേഷ് നാരായണ്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു
Leave a Reply