‘ആര്യ രാജേന്ദ്രനെതിരായ അന്വേഷണം സത്യസന്ധമായിരിക്കണം’

‘ആര്യ രാജേന്ദ്രനെതിരായ അന്വേഷണം സത്യസന്ധമായിരിക്കണം’

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരായ കേസ് കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തള്ളി. സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം ആയിരിക്കണമെന്ന് പറഞ്ഞ കോടതി ചില നിര്‍ദേശങ്ങളും അന്വേഷണ സംഘത്തിന് നല്‍കി.

നിലവിലുള്ള അന്വേഷണം തുടരാമെന്നും എന്നാല്‍ സത്യസന്ധമായിരിക്കണമെന്നും കോടതി പറഞ്ഞു. അന്വേഷണത്തില്‍ കാലതാമസം പാടില്ലെന്നും ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവും സ്വാധീനം ഉപയോഗിക്കരുതെന്നും കോടതി. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു കോടതി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തനാണെന്ന് ഹര്‍ജി തള്ളിയതിന് ശേഷം യദു മാധ്യമങ്ങളോട് പറഞ്ഞു. ”മൂന്ന് കാമറകളാണ് വാഹനത്തിലുണ്ടായിരുന്നത്. അത് ഞാനെടുത്തെന്നായിരുന്നു ആദ്യമൊക്കെ പറഞ്ഞിരുന്നത്. എന്നാല്‍ അത് എടുത്ത് കൊണ്ടുപോയാല്‍ ആര്‍ക്കാണ് പ്രയോജനം എന്ന് അറിയാമല്ലോ. ആംഗ്യം കാണിച്ചത് ഇതുവരെ അവര്‍ക്ക് തെളിയിക്കാനും കഴിഞ്ഞിട്ടില്ല. കണ്ടക്ടര്‍ തന്നെയാണ് ബസിന്റെ ഡോര്‍ തുറന്നു കൊടുത്തത്. ഒരാളോട് വഴക്ക് കൂടിക്കൊണ്ട് നില്‍ക്കുമ്പോള്‍ എനിക്കെന്തായാലും ഡോര്‍ തുറക്കാന്‍ കഴിയില്ല”, യദു പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പാളയത്തുവെച്ചാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ തര്‍ക്കമുണ്ടാകുന്നതും വിവാദമാകുന്നതും. മേയറും കുടുംബവും കാറില്‍ സഞ്ചരിക്കുമ്പോള്‍ കെഎസ്ആര്‍ടിസി ബസ് ഉപയോഗിച്ച് ഇടിക്കാന്‍ ശ്രമിച്ചുവെന്നും അത് ചോദ്യം ചെയ്തപ്പോള്‍ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു എന്നുമായിരുന്നു മേയറുടെ പരാതി. കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ കാര്‍ തടഞ്ഞ് ജോലി തടസപ്പെടുത്തിയെന്ന് യദുവും പരാതി നല്‍കി. 

Leave a Reply

Your email address will not be published.