കണ്ണൂർ: എഡിഎം തെറ്റുപറ്റിയെന്ന് പറഞ്ഞുവെന്ന മൊഴി കലക്ടര്‍ റവന്യൂ വകുപ്പിന് നല്കിയ ആദ്യ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് റവന്യൂമന്ത്രി കെ രാജന്. കലക്ടര്‍ കൊടുത്ത മൊഴി ഞങ്ങളുടെ മുമ്പില്‍ നല്കിയ മൊഴിയല്ല. അത് കോടതിയില്‍ അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ കൊടുത്ത മൊഴിയാകാമെന്ന് മന്ത്രി രാജന് പറഞ്ഞു. റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം അതു ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അത് മന്ത്രിക്ക് ലഭിക്കുമെന്നും കെ രാജന് കൂട്ടിച്ചേര്‍ത്തു.
നവീന്‍ബാബുവിന്റെ മരണത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ മന്ത്രി എന്ന നിലയില്‍ ഇപ്പോള്‍ അഭിപ്രായം പറയാനില്ല. സത്യസന്ധമായ നിലയില്‍ അന്വേഷണം മുന്നോട്ടുപോകണണെന്ന ആഗ്രഹമാണുള്ളത്. ആ ഘട്ടത്തില്‍ ഓരോരുത്തരും കൊടുത്ത മൊഴിയെപ്പറ്റി ഈ ഘട്ടത്തില്‍ പറയുന്നത് ശരിയല്ല. കലക്ടറുടെ മൊഴിയില്‍ കോടതി അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും മന്ത്രി രാജന് പറഞ്ഞു. 15-ാം തീയതി സംഭവം നടന്നശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ടപ്പോള്‍ എന്റെ വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ നവീന്‍ബാബുവിനെക്കുറിച്ച് പറഞ്ഞിരുന്നു. ആ ബോധ്യം മാറാന്‍ പറ്റുന്ന വിധത്തിലുള്ള ഒന്നും ഈ കലയളവില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ അന്നത്തെ അഭിപ്രായത്തില്‍ ഉറച്ചു നില്ക്കുന്നു. മന്ത്രി രാജന് പറഞ്ഞു.
ചടങ്ങ് കഴിഞ്ഞ ശേഷം നവീൻ ബാബു തന്നെ കണ്ടെന്നുള്ള മൊഴി തള്ളാതെ കളക്ടർ അരുൺ കെ. വിജയൻ ഇന്നും അതാവർത്തിച്ചു. കൂടുതൽ കാര്യങ്ങൾ പറയാൻ പരിമിതിയുണ്ടെന്നും ഇനിയും വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിൽ ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് നില്‍ക്കുകയാണ് പി പി ദിവ്യ. കേസിന്റെ ആദ്യഘട്ടം മുതൽക്കേ പറയുന്ന വാദത്തിലാണ് ചോദ്യം ചെയ്യലിനിടെയും പി പി ദിവ്യ ഉറച്ചുനിന്നത്.
Leave a Reply