അര്‍ജ്ജന്റീന ടീം കൊച്ചിയിലേക്കോ?

അര്‍ജ്ജന്റീന ടീം കൊച്ചിയിലേക്കോ?

തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസതാരം ലയണല്‍ മെസിയും,അര്‍ജ്ജന്റീന ടീമും അടുത്ത വര്‍ഷം സൗഹൃദമത്സരത്തില്‍ പങ്കെടുക്കാനായി സംസ്ഥാനത്ത് എത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍. കേരളത്തില്‍ സൗഹൃദ മത്സരത്തിന് തയ്യാറാണെന്ന് അര്‍ജന്റീന ഫുട്ബോള്‍ ടീം അറിയിച്ചതായും ഔദ്യോഗിക പ്രഖ്യാപനം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊച്ചിയില്‍ മത്സരം സംഘടിപ്പിക്കാനാണ് പ്രഥമ പരിഗണന. അടുത്ത വര്‍ഷം നടക്കുന്ന മത്സരത്തിന്റെ തീയതിയും എഎഫ്എ പ്രഖ്യാപിക്കും  സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാകും മത്സരം നടക്കുക. മത്സരത്തിന്റെ ചെലവ് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സും വ്യാപാരി വ്യവസായി സമിതിയും വഹിക്കും. മത്സരം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അര്‍ജന്റീന ദേശീയ ടീമിനെ കേരളത്തിലേക്കു ക്ഷണിക്കാന്‍ സ്പെയിനില്‍ പോയിരുന്നു. അവിടെ വച്ച് ബന്ധപ്പെട്ടവരുമായി സംസാരിച്ചു. 2025ല്‍ ഇന്ത്യയില്‍ സൗഹൃദ മത്സരം സംഘടിപ്പിക്കാമെന്ന് അവര്‍ സമ്മതിച്ചു. വലിയ സാമ്പത്തിക ബാധ്യത സര്‍ക്കാരിന് വരുമെന്നതിനാല്‍ സഹകരണത്തിനായി കേരള ഗോര്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷനുമായി സംസാരിച്ചു. അവരും വ്യാപാരി സമൂഹവും ചര്‍ച്ച നടത്തി ഒന്നിച്ചു മത്സരം സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.’- മന്ത്രി പറഞ്ഞു

കൊച്ചിക്ക് പുറമെ കോഴിക്കോടും തിരുവനന്തപുരവും പരിഗണനയിലുണ്ട്. അര്‍ജന്റീന ഫുട്‌ബോള്‍ അധികൃതര്‍ ഒന്നരമാസത്തിനകം സംസ്ഥാനത്ത് എത്തിയ ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. 
.

അര്‍ജന്റീനയ്‌ക്കെതിരായ സൗഹൃദമത്സരത്തില്‍ എതിരാളി ആരെന്ന് നിശ്ചയിച്ചിട്ടില്ല. ഉയര്‍ന്ന റാങ്കുള്ള സൗദി അറേബ്യ, ഇറാന്‍, ഖത്തര്‍, യുഎഇ തുടങ്ങിയ അറബ് രാജ്യങ്ങളെയാണ് പരിഗണിക്കുന്നത്. ഫിഫ റാങ്ക് കുറഞ്ഞ ടീമുകളോട് കളിക്കാന്‍ അര്‍ജന്റീനയ്ക്ക് താല്‍പ്പര്യമില്ല. ഇന്ത്യയുടെ റാങ്ക് 125 ആണ്.

അതേസമയം എഎഫ്എ പ്രതിനിധികള്‍ കേരളത്തില്‍ എത്തി മെസി ഉള്‍പ്പടെ കളിക്കേണ്ട ഗ്രൗണ്ടും സുരക്ഷാകാര്യങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും പ്രഖ്യാപനം എന്നാണു റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published.