കൊച്ചി: പകുതി വിലയ്ക്ക് സ്ത്രീകൾക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കഴിഞ്ഞ ദിവസമാണ് സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണൻ അറസ്റ്റിലാവുന്നത്. അനന്തുവിനെതിരേ പല ജില്ലകളിൽ നിന്നും രണ്ടായിരത്തിലധികം പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മൂവാറ്റുപുഴയിൽ നിന്ന് മാത്രം 1200 പരാതികൾ വന്നതിന് പിന്നാലെയാണ് ഇയാൾ അറസ്റ്റിലാവുന്നത്.
ഇതിന് പിന്നാലെയാണ് എറണാകുളത്തെ മറ്റ് പ്രദേശങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും ഇയാളുടെ തട്ടിപ്പിനിരയായ നിരവധി പേർ രംഗത്ത് വരുന്നത്. അനന്തു ഏറ്റവുമധികം തട്ടിപ്പ് നടത്തിയിരിക്കുന്നത് എറണാകുളം ജില്ലയിലാണെന്നാണ് നിഗമനം. പറവൂർ മേഖലയിൽ നിന്ന് മാത്രം ആയിരത്തിലധികം പരാതികളാണ് ലഭിച്ചിരിക്കുന്നത്.
നിലവിൽ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംസ്ഥാന വ്യാപകമായി നടത്തിയ തട്ടിപ്പ് എന്ന നിലയിലാണ് മൂവാറ്റുപുഴ പോലീസിൽ നിന്ന് അന്വേഷണം മാറ്റി ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാൻ തീരുമാനമായിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് വൈകാതെ പുറത്തിറങ്ങും.

Leave a Reply