കുംഭകര്‍ണന്‍ ഉറങ്ങാത്ത ‘ഭരണതന്ത്രജ്ഞൻ’

കുംഭകര്‍ണന്‍ ഉറങ്ങാത്ത ‘ഭരണതന്ത്രജ്ഞൻ’

ലഖ്‌നൗ: ഹിന്ദു പുരാണമായ രാമായണത്തിലെ ലങ്കാധിപതി രാവണന്റെ സഹോദരന്‍ കുംഭകര്‍ണന്‍ സാങ്കേതിക വിദഗ്ധനായ ഭരണതന്ത്രജ്ഞനായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍. കുംഭകര്‍ണന്‍ എന്നാല്‍ ആറുമാസം ഉറങ്ങുന്നയാള്‍ ആണെന്നാണ് നമ്മള്‍ കേട്ടിട്ടുള്ളത്. എന്നാല്‍ രാജാവായ രാവണന്റെ ഉത്തരവ് പ്രകാരം, തന്റെ ലബോറട്ടറിയില്‍ ആറുമാസക്കാലം ഉറങ്ങാതെ അതീവരഹസ്യമായി അത്യന്താധുനിക യുദ്ധോപകരണങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നുവെന്ന് ആനന്ദി ബെന്‍ പട്ടേല്‍ പറഞ്ഞു.

ലഖ്‌നൗവിലെ ഖ്വാജ മൊയിനുദ്ദീന്‍ ചിസ്തി സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തുസംസാരിക്കുകയായിരുന്നു ആനന്ദിബെന്‍ പട്ടേല്‍. കുംഭകര്‍ണ്ണന്‍ ആറുമാസം ഉറങ്ങുകയും ആറുമാസം ഉണര്‍ന്നിരിക്കുകയും ചെയ്യുമെന്നാണ് പ്രചരിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇത് ശരിയല്ല. കുംഭകര്‍ണ്ണന്‍ മികച്ച സാങ്കേതിക വിദഗ്ധനായിരുന്നു. സാങ്കേതികവിദ്യയില്‍ അതീവ നിപുണനായ അദ്ദേഹം, സാങ്കേതികവിദ്യ മറ്റ് രാജ്യങ്ങള്‍ക്ക് ലഭിക്കും മുമ്പേ, തന്റെ വൈദഗ്ധ്യം ഉപയോഗിച്ച് രഹസ്യമായി യന്ത്രങ്ങള്‍ വികസിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്.

ലബോറട്ടറിയില്‍ രഹസ്യമായി യുദ്ധോപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നതിനാല്‍ ആറ് മാസത്തേക്ക് കുംഭകര്‍ണ്ണനോട് പുറത്തിറങ്ങരുതെന്ന് രാവണന്‍ ഉത്തരവിട്ടു. ഇതാണ് കുംഭകര്‍ണ്ണന്‍ ആറുമാസം ഉറങ്ങുകയും ആറുമാസം ഉണര്‍ന്നിരിക്കുകയും ചെയ്യുന്നു എന്ന അഭ്യൂഹത്തിന് കാരണമായതെന്നും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു.
സപ്തര്‍ഷികളിലൊരാളായ ഭരദ്വാജ മുനിയാണ് ലോകത്ത് ആദ്യത്തെ വിമാനം നിര്‍മ്മിച്ചതെന്നും, ബോംബെയിലെ ചൗപട്ടിയില്‍ നിന്നും ഒരു കിലോമീറ്റര്‍ വിമാനം പറത്തിയിരുന്നതായും ആനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു. സീതയെ രാവണന്‍ ലങ്കയിലേക്ക് കൊണ്ടുപോയത് പുഷ്പകവിമാനത്തിലാണ്. ഈ കണ്ടുപിടുത്തത്തിന് 5000 വര്‍ഷം പഴക്കമുണ്ട്, എന്നാല്‍ ആരാണ് പുഷ്പകവിമാനം നിര്‍മ്മിച്ചതെന്ന് നമുക്കറിയാമോ?. വിദേശത്തു നിന്നുള്ള ആളുകള്‍ ഇന്ത്യയിലെത്തി, നമ്മുടെ ആശയങ്ങളും കണ്ടുപിടുത്തങ്ങളും പഠിക്കുകയും, അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പലതും കണ്ടുപിടിച്ചതെന്നും ആനന്ദിബെന്‍ പട്ടേല്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.