ഹൈദരാബാദ്: പുഷ്പ 2 സിനിമാ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ രണ്ടു മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തു. ഹൈദരാബാദ് ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഡിസിപിയും എസ്പിയും അടങ്ങുന്ന നാലംഗ പൊലീസ് സംഘമാണ് അല്ലു അര്‍ജുനെ ചോദ്യം ചെയ്തത്. പൊലീസിന്റെ മിക്ക ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാതെ, നടന്‍ മൗനം പാലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുഷ്പ പ്രീമിയറിന് തിയേറ്ററിലേക്ക് വരാന്‍ പൊലീസ് അനുമതി നിഷേധിച്ചത് നിങ്ങള്‍ക്കറിയാമോ?, പൊലീസ് അനുമതി നിഷേധിച്ചിട്ടും റോഡ് ഷോയുമായി എന്തിന് തിയേറ്ററിലേക്ക് പോയി ?, പുറത്ത് തിക്കും തിരക്കും ഉണ്ടായത് ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുണ്ടോ?, നടന്റെ ബൗണ്‍സര്‍മാര്‍ ആളുകളെ മര്‍ദ്ദിക്കുന്നത് കണ്ടിരുന്നോ? , എപ്പോഴാണ് യുവതിയുടെ മരണം അറിഞ്ഞത്?, മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയത് പരസ്പര വിരുദ്ധ പ്രസ്താവനകളല്ലേ ? തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചു.
തിയേറ്ററിനകത്ത് നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. 10 മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ദൃശ്യങ്ങള്‍ കാണിച്ച പൊലീസ് സംഘം ഇതേപ്പറ്റിയും ചോദ്യങ്ങളുന്നയിച്ചു. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയ അല്ലു അര്‍ജുന്‍ ഹൈദരാബാദ് പൊലീസിന്റെയും തെലങ്കാന സര്‍ക്കാരിന്റെയും വാദങ്ങളെ പൂര്‍ണമായി തള്ളിക്കളഞ്ഞിരുന്നു.
അപകടമുണ്ടായതിന്റെ പിറ്റേദിവസമാണ് യുവതി വിവരം അറിയുന്നതെന്നും, തിയേറ്ററില്‍ വരുന്നതിനും സിനിമ കാണുന്നതിനും പൊലീസിനെ അറിയിച്ച് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നുവെന്നുമാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്. എന്നാല്‍ രേഖകള്‍ സഹിതം ഹാജരാക്കി പൊലീസ് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ താരം മറുപടി പറഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, അല്ലു അർജുന്റെ സുരക്ഷാ മാനേജറെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. ഇയാൾ ആളുകളെ വടി ഉപയോഗിച്ച് തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
Leave a Reply