തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും.
റിപ്പോര്‍ട്ട് ഇന്നലെ കൈമാറാനായി ഡിജിപി തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും പൂർത്തിയായില്ല. പ്രത്യേക സംഘതിലെ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ ഏകോപിച്ച് ഡിജിപി നിർദ്ദേശങ്ങൾ കൂടി എഴുതി ചേർത്താണ് സർക്കാരിന് നൽകുന്നത്.
പി.വി. അന്‍വര്‍ എംഎല്‍എയുടെ പരാതിയിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് ഡിജിപി അന്വേഷ റിപ്പോര്‍ട്ട് കൈമാറുക.
അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം അജിത് കുമാറിനെ നീക്കുന്നതില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും.
എഡിജിപിയെ ഇന്ന് തന്നെ മാറ്റിയേക്കുമെന്നും സൂചനയുണ്ട്. മന്ത്രിസഭാ ഉപസമിതി യോഗത്തിൽ സിപിഐ കടുത്ത നിലപാടാണ് സ്വീകരിച്ചത്. എഡിജിപിയെ മാറ്റാതെ മുന്നോട്ട് പോകാനാകില്ലെന്നും തിങ്കളാഴ്ചക്കുള്ളിൽ തന്നെ നടപടിയുണ്ടാകണമെന്നും മന്ത്രി കെ. രാജൻ യോഗത്തിൽ അറിയിച്ചു.
എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്നാണ് മുഖ്യമന്ത്രി സിപിഐയ്ക്ക് നല്‍കിയ ഉറപ്പെന്നാണ് ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്.
എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സിപിഐ. ഡിജിപിയുടെ റിപ്പോര്‍ട്ടിനുശേഷം നടപടിയെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളതെന്നാണ് സിപിഐ പറയുന്നത്. ഇതിനാൽ തന്നെ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് ലഭിച്ചാൽ വൈകാതെ തന്നെ അജിത് കുമാറിനെതിരെ നടപടിയുണ്ടാകും.
വിവാദങ്ങൾക്ക് വഴങ്ങി ക്രമസമാധാന ചുമതലയിൽ നിന്ന് എം.ആർ. അജിത്കുമാറിനെ മാറ്റിയാലും മറ്റൊരു പ്രധാനപദവി നൽകിയേക്കും. ജയിൽ മേധാവി, എക്സൈസ് കമ്മീഷണർ തുടങ്ങിയ പദവികളാണ് പരിഗണിക്കുന്നത്.
Leave a Reply