കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധന നടത്തിയതിനെ തുടർന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി നിരാകരിച്ചു. ഉപഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി എസ് ഡയസ് തള്ളിയത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് നിർണായക തെളിവായി കണക്കാക്കപ്പെടുന്നു. ഇതിന്റെ ഹാഷ് മൂല്യം മാറിയെന്ന് ചൂണ്ടിക്കാട്ടി അതിജീവിത മുമ്പ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിൻ്റെ അടിസ്ഥാനത്തിൽ വസ്തുതാപരമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് ഹൈക്കോടതി നിർദേശിച്ചു. ഇതിനെത്തുടർന്ന്, ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അന്വേഷണം നടത്തുകയും അതിൻ്റെ കണ്ടെത്തലുകൾ സമർപ്പിക്കുകയും ചെയ്തു. അതിജീവിത അത് റദ്ദാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഹര്‍ജിക്കാരിക്ക് നിയമപരമായ മറ്റു മാര്‍ഗങ്ങള്‍ തേടാവുന്നതാണെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കി. മുമ്പ് തീര്‍പ്പാക്കിയ കേസില്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കാനാവില്ലെന്നും ജസ്റ്റിസ് ഡയസ് ചൂണ്ടിക്കാട്ടി. തന്റെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണ് നടന്നത്. അതിനാലാണ് വസ്തുതാന്വേഷണത്തിന് കോടതിയെ സമീപിച്ചതെന്ന് അതിജീവിത കോടതിയില്‍ ചൂണ്ടിക്കാട്ടി. ഒരു തവണ രാത്രിയിലും ഒരു തവണ സ്മാര്‍ട്ട് ഫോണിലുമാണ് മെമ്മറി കാര്‍ഡ് തുറന്നിട്ടുള്ളത്. ഗുരുതരമായ കുറ്റകൃത്യം കണ്ടെത്തിയിട്ടും, അതിന്മേല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ സെഷന്‍സ് ജഡ്ജിയുടെ ഭാഗത്തു നിന്നും നിര്‍ദേശം ഉണ്ടായില്ലെന്നും നടി ചൂണ്ടിക്കാട്ടിയിരുന്നു.
മാത്രമല്ല, പരാതിക്കാരിയായ തന്നോട് യാതൊന്നും ചോദിക്കുകയോ, തന്റെ വാദങ്ങള്‍ കേള്‍ക്കാന്‍ സെഷന്‍സ് ജഡ്ജി തയ്യാറാകുകയോ ചെയ്തിട്ടില്ല. അതിനാല്‍ ഈ അന്വേഷണ റിപ്പോര്‍ട്ട് നിലനില്‍ക്കുന്നതല്ലെന്നായിരുന്നു അതിജീവിതയുടെ വാദം. മെമ്മറി കാര്‍ഡ് തുറന്ന സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും നടി ആവശ്യപ്പെട്ടു. എന്നാല്‍ അതിജീവിതയുടെ വാദത്തെ ദിലീപ് എതിര്‍ത്തിരുന്നു. ആദ്യഘട്ടത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് രഹസ്യമാക്കി വെക്കണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ എന്തിനാണ് റിപ്പോര്‍ട്ട് രഹസ്യമാക്കി വെക്കുന്നതെന്ന് ചോദിച്ച് ഹൈക്കോടതി, ദിലീപിന്റെ വാദം തള്ളി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഗുരുതരമായ ചില പ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
Leave a Reply