കൊല്ലം: കൊട്ടാരക്കരയില്‍ രോഗിയുമായി പോയ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഏഴുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
എംസി റോഡില്‍ സദാനന്ദപുരത്തു വച്ചു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തമ്പിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ലോറി.
തമ്പിയുടെയും ശ്യാമളയുടെയും മക്കളുള്‍പ്പെടെ 5 പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. കോഴി കയറ്റിവന്ന ലോറിയില്‍ നാലുപേരും ഉണ്ടായിരുന്നു. സദാനന്ദപുരം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു.

Leave a Reply