‘നടി വാങ്ങിയത് അഞ്ച് ലക്ഷം; ഫഹദ് എത്തിയത് നയാ പൈസ വാങ്ങാതെ’

‘നടി വാങ്ങിയത് അഞ്ച് ലക്ഷം; ഫഹദ് എത്തിയത് നയാ പൈസ വാങ്ങാതെ’

തിരുവനന്തപുരം: കലോത്സവത്തിന് കുട്ടികളെ നൃത്തം പരിശീലിപ്പിക്കാന്‍ പ്രമുഖ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയാവുകയാണ്. കലോത്സവത്തിലൂടെ ഉയര്‍ന്നുവന്ന നടി സിനിമയുടെ പണവുമായപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ് എന്നാണ് മന്ത്രി പറഞ്ഞത്. അതിനിടെ നടന്‍ ഫഹദ് ഫാസിലിനെക്കുറിച്ച് പറഞ്ഞ ശിവന്‍കുട്ടിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ഓണം ആഘോഷത്തിനായി ഫഹദ് ഫാസിലിനെ വിളിച്ചപ്പോള്‍ ഒരു പൈസയും വാങ്ങാതെ വന്ന് പങ്കെടുത്തു എന്നാണ് മന്ത്രി പറഞ്ഞത്. വിമാനത്തിലാണ് ഫഹദ് ഫാസില്‍ പരിപാടിക്ക് എത്തിയത്. ഒരു രൂപ പോലും അദ്ദേഹം പ്രതിഫലം വാങ്ങിയില്ല. മാത്രമല്ല കൃത്യസമയത്തു തന്നെ പരിപാടിക്ക് എത്തിയെന്നും ശിവന്‍കുട്ടി പറഞ്ഞു.


ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിനു വേണ്ടി 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാനായാണ് നടിയെ സമീപിച്ചത്. പഠിപ്പിക്കാമെന്ന് സമ്മതിച്ചെങ്കിലും അഞ്ച് ലക്ഷം രൂപ പ്രതിഫലമായി ചോദിച്ചു എന്നാണ് ശിവൻകുട്ടി പറഞ്ഞത്. വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് ഏറെ വേദനിപ്പിച്ച സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് ന‍ൃത്തത്തിൽ വിജയിച്ചതു കാരണമാണ് സിനിമയിലെത്തുന്നത്. ഇത്തരക്കാർ പിൻതലമുറയിലുള്ള കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചു സിനിമയും കുറച്ചു കാശും ആയപ്പോൾ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാർഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചിരിക്കുന്നത്.- വി ശിവൻകുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published.