മലയാള സിനിമ മേഖലയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകം

മലയാള സിനിമ മേഖലയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകം

ശ്രീകുമാർ

കൊച്ചി: മലയാള സിനിമ മേഖലയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. സിനിമാ നിര്‍മാണത്തിനായി പണം നല്‍കിയാല്‍ സാമ്പത്തികമായി സിനിമ വിജയിച്ചാലും ലാഭവിഹിതം നല്‍കാതെ വഞ്ചിക്കുന്നുവെന്നാണ് വ്യാപക പരാതി. ആര്‍ഡിഎക്‌സ് എന്ന സിനിമയുടെ സഹനിര്‍മാതാവ് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം ആണ് പുതിയ പരാതിക്കാരി. ആര്‍ഡിഎക്‌സ് എന്ന സിനിമയ്ക്ക് പണം നല്‍കി ലാഭം നല്‍കിയില്ലെന്നു കാട്ടി അഞ്ജന ഹില്‍പാലസ് പോലീസിനു പരാതി നല്‍കി.
നിര്‍മാതാക്കളായ സോഫിയ പോള്‍, ജയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. സിനിമയ്ക്കായി 6 കോടി രൂപ നല്‍കിയെന്നും ലാഭത്തിന്റെ 30 ശതമാനം വാഗ്ദാനം ചെയ്തിട്ടും പണം നല്‍കിയില്ല എന്നുമാണ് പരാതി. വ്യാജരേഖകള്‍ ഉണ്ടാക്കി നിര്‍മാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ച് കാണിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിന് മുന്‍പ് സമാനമായ പരാതി മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമാ ടീം അംഗമായ സൗബിന്‍ താഹിറിനെതിരെയും പരാതിയുണ്ടായിരുന്നു. ഈ കേസില്‍ ഇഡി അടക്കം കര്‍ശന നടപടിയെടുത്തതോടെ കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്തെത്തുകയാണ്.
ആര്‍ഡിഎക്‌സ് സിനിമാ നിര്‍മാണത്തിന് മുന്‍പായി നിര്‍മാതാക്കള്‍ തന്നെ വന്ന് കണ്ടിരുന്നതായും 13 കോടി രൂപയാണ് സിനിമയുടെ ബജറ്റെന്നും ഇതില്‍ നിര്‍മാണത്തിനായി 6 കോടി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 70: 30 അനുപാതത്തില്‍ ആയിരിക്കും ലാഭവിഹിതം. ചിത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതിന് പിന്നാലെ ചെലവ് 23 കോടിയലധികമായെന്ന് നിര്‍മാതാക്കള്‍ തന്നെ അറിയിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇന്‍വെസ്റ്റ്മെന്റ് തുകയായ 6 കോടി പലതവണ ആവശ്യപ്പെട്ടപ്പോഴാണ് തിരിച്ചുനല്‍കിയത്.
എന്നാല്‍ നിരന്തരമായി ലാഭവിഹിതം ആവശ്യപ്പെട്ടപ്പോള്‍ 3 കോടി മാത്രം തരാമെന്ന് പറഞ്ഞു. അതിന് പിന്നാലെ സിനിമയുടെ ചെലവ് വരവ് ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും തേഡ് പാര്‍ട്ടിയായതിനാല്‍ അത് നല്‍കാനാവില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് അഞ്ജന പരാതി നല്‍കുകയായിരുന്നു. 2023 ഓഗസ്റ്റ് 25-ന്, ഓണക്കാലത്താണ് ആര്‍ഡിഎക്‌സ് റിലീസ് ചെയ്തതത്. ലോകമെമ്പാടും 84 കോടിയും കേരളത്തില്‍ നിന്ന് 50 കോടിയും ചിത്രം കളക്ഷന്‍ നേടിയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published.