ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ഇന്ത്യ

ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസെടുത്തു പുറത്തായി. ഇന്ത്യയ്ക്ക് 68 റൺസ് വിജയം. 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. പത്തു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തുന്നത്. 2014ലെ ഫൈനലിൽ ഇന്ത്യയെ ആറു വിക്കറ്റുകൾക്കു തോൽപിച്ച് ശ്രീലങ്ക കിരീടം നേടിയിരുന്നു. 2007 ലെ ആദ്യ ട്വന്റി20 ലോകകപ്പിലെ ചാംപ്യന്‍മാരാണ് ഇന്ത്യ.

ശിവം ദുബെ പകരക്കാരൻ
സ്കോർ– ഇന്ത്യ 20 ഓവറിൽ ഏഴിന് 171. ഇംഗ്ലണ്ട് 16.4 ഓവറിൽ 103. മറുപടി ബാറ്റിങ്ങിൽ സ്പിന്നർമാരായ അക്ഷര്‍ പട്ടേലും കുൽദീപ് യാദവും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്തുവിട്ടത്. ഇരുവരും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. അക്ഷർ പട്ടേലാണു കളിയിലെ താരം. മറുപടി ബാറ്റിങ്ങിന്റെ ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിന് തിരിച്ചുവരവിനു സാധ്യതകളില്ലാത്ത വിധം സ്പിന്നർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് ചെറിയ സ്കോറിലേക്കു വീണു. 19 പന്തിൽ 25 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ജോസ് ബട്‍ലർ (15 പന്തിൽ 23), ജോഫ്ര ആർച്ചർ (15 പന്തിൽ 21), ലിയാം ലിവിങ്സ്റ്റൻ (16 പന്തിൽ‌ 11) എന്നിവരും ഇംഗ്ലിഷ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നു.

Comments (0)
Add Comment