‘പരാതിക്കാരുടെ കണ്ണീർ ഉദ്യോഗസ്ഥരുടെ കണ്ണു തുറപ്പിക്കട്ടെ’

കൊച്ചി: പരാതിക്കാരുടെ കണ്ണീർ ഉദ്യോഗസ്ഥരുടെ കണ്ണു തുറപ്പിക്കട്ടെയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. സർക്കാർ ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ പരാതികൾക്ക് മുൻഗണന കൊടുത്തുകൊണ്ട് പൊതുജന സേവകരായി നിലകൊള്ളണം. സംസ്ഥാന സർക്കാരിൻ്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച  കരുതലും കൈത്താങ്ങും
അദാലത്തിൻ്റെ സമാപന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദാലത്തുകൾക്ക് ജില്ലയിൽ സമാപനമായി കണയന്നൂർ, പറവൂർ, ആലുവ, കൊച്ചി, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി നടന്ന ജില്ലയിലെ അദാലത്തുകളിൽ ആകെ  1767 പരാതികളാണ് പരിഗണിച്ചത്. അതിൽ  1249  അപേക്ഷകരെ മന്ത്രിമാർ നേരിൽ കണ്ട്  പരാതികൾ തീർപ്പാക്കി. അപേക്ഷകർ ഹാജരാകാത്തതിനാൽ 518 പരാതികൾ  മാറ്റി വച്ചു.  ആകെ 780  പുതിയ അപേക്ഷകൾ  ലഭിച്ചു. അവസാന  അദാലത്ത് കോതമംഗലം  താലൂക്കിലാണ് നടന്നത്. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് കൊച്ചി, കുന്നത്തുനാട്, ആലുവ, കണയന്നൂർ അദാലത്തുകൾ നടന്നത്. മന്ത്രി പി. രാജീവിനൊപ്പം മന്ത്രി ഡോ. ആർ. ബിന്ദു പറവൂരിലും മന്ത്രി റോഷി അഗസ്റ്റിൻ മുവാറ്റുപുഴയിലും മന്ത്രി വീണാ ജോർജ് കോതമംഗലത്തും അദാലത്തിൽ പങ്കെടുത്ത് പരാതികൾ പരിഹരിച്ചു.

ക്ഷേമപെൻഷനുകൾ, സ്‌കോളർഷിപ്പ് കുടിശിക, അതിർത്തി തർക്കം, വഴി തർക്കം, സ്വത്ത് തർക്കം തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട  അപേക്ഷകളാണ് മന്ത്രിമാർക്ക് മുന്നിലെത്തിയത്.

സാധാരണ ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിൽ അനാവശ്യ കാലതാമസമുണ്ടാകരുതെന്ന കാഴ്ചപ്പാടോടെയാണ് സംസ്ഥാന സർക്കാർ കരുതലും കൈത്താങ്ങും അദാലത്തുകൾ സംഘടിപ്പിച്ചത്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട്  അദാലത്തിൽ ഉയർന്നുവന്ന പൊതു പ്രശ്നങ്ങളിൽ ചട്ട ഭേദഗതി ഉൾപ്പടെയുള്ളവ സർക്കാർ പരിഗണിക്കും. ഇതിനുള്ള നിർദേശങ്ങൾ മന്ത്രിമാർ സമർപ്പിക്കും.

അദാലത്തിൽ സ്വീകരിച്ച തീരുമാനങ്ങളുടെ നടപടി സംബന്ധിച്ച തുടർ പരിശോധനകളും നടക്കും. എറണാകുളം ജില്ലയിൽ ഫെബ്രുവരി ആദ്യവാരം തുടർ പരിശോധനയുടെ ഭാഗമായുള്ള അവലോകന യോഗം നടത്തും. ജനുവരി 20 ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തുടർ നടപടി സംബന്ധിച്ച ആദ്യ അവലോകന യോഗം ചേരും.

Leave a Reply

Your email address will not be published.