എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

🔹

തിരൂർ: മംഗലം ആശാന്‍ പടിയിൽ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. ആശാന്‍ പടി കോതപ്പറമ്പ് കുപ്പന്റെ പുരക്കല്‍ അഷ്‌കറിനാണ് വെട്ടേറ്റത്. തലയ്ക്കും കൈകള്‍ക്കും കാലിനും ഗുരുതര പരിക്കുണ്ട്.

തവനൂര്‍ മണ്ഡലത്തിലെ മംഗലം ആശാന്‍ പടിയില്‍ ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. അഷ്‌കര്‍ കോതപ്പറമ്പ് കടല്‍ തീരത്ത് ഇരിക്കുമ്പോഴാണ് ബൈക്കിലും ഓട്ടോയിലും ആയി വാളും ഇരുമ്പ് പൈപ്പും അടക്കം ഉള്ള മാരകായുധങ്ങളുമായി എത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

മുസ്‌ലിം ലീഗ് തവനൂര്‍ മണ്ഡലം നേതാവ് റാഫിയും സഹോദരങ്ങളും സുഹൃത്തുക്കളും അടക്കം പത്തോളം പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് പറയപ്പെടുന്നു.

ഗുരുതരമായി പരിക്കേറ്റ അഷ്‌കറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലുകള്‍ അടക്കം തകര്‍ന്നിട്ടുള്ളതിനാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

മൂന്ന് ദിവസങ്ങൾക്ക് മുമ്പും ഇതേ രീതിയിൽ മാരകായുധങ്ങളുമായി പ്രതികൾ വന്ന് അഷ്കറിനെ അക്രമിച്ചിരുന്നു ഇതിനെതിരെ തിരൂർ സർക്കിൾ ഇൻസ്പെക്ടർക്കും തിരൂർ സബ് ഇൻസ്പെകടർക്കും പരാതി നൽകിയെങ്കിലും പോലീസിൻ്റെ ഭാഗത്ത് നിന്ന് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് ആക്ഷേപം. അത് കൊണ്ടാണ് വീണ്ടും ആക്രമണങ്ങൾ നടത്താൻ പ്രതികൾക്ക് പ്രചോദനമായത് എന്നാണ് പറയപ്പെടുന്നത്.

അതേസമയം സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും അയല്‍വാസികള്‍ തമ്മിലുള്ള വഴിത്തര്‍ക്കവും കുടുംബപ്രശ്നവുമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published.