കൊച്ചി: ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി കൊച്ചി കാക്കനാട് സ്വദേശിനിയിൽ നിന്നും നാലു കോടി രൂപ തട്ടിയ കേസിൽ സൈബർ തട്ടിപ്പുകളുടെ തലവൻ അറസ്റ്റിൽ. കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് ആണ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്.
ഡൽഹിയിലെ ഐസിഐസിഐ ബാങ്കിൽ പരാതിക്കാരിയുടെ പേരിൽ മറ്റൊരാൾ ഒരു അക്കൗണ്ട് എടുത്തിട്ടുണ്ടെന്നും ഈ അക്കൗണ്ടിലൂടെ ഇയാൾ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾക്ക് പുറമെ ലഹരിക്കടത്തും മനുഷ്യക്കടത്തും നടത്തുന്നുണ്ടെന്നും വീട്ടമ്മയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അക്കൗണ്ടിലുള്ളത് നിയമപ്രകാരമുള്ള പണമാണോന്ന് പരിശോധിക്കേണ്ടതുണ്ടെന്നും നിയമപ്രകാരമുള്ളതാണെന്നു കണ്ടെത്തിയാൽ പണം തിരികെ നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. അക്കൗണ്ടിലുള്ള മുഴുവൻ പണവും തങ്ങൾ നൽകുന്ന അക്കൗണ്ടിലേക്ക് ഓൺലൈൻ ട്രാൻസ്ഫർ ചെയ്യണമെന്നും അല്ലെങ്കിൽ പരാതിക്കാരിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.
നേരത്തെ ഈ കേസിൽ അറസ്റ്റിലായ കൊണ്ടോട്ടി സ്വദേശികളിൽ നിന്നാണ് മുഖ്യ പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. കൊൽക്കത്ത പോലീസിന്റെ സഹായത്തോടെ ബംഗ്ളാദേശ് അതിർത്തിയായ കൃഷ്ണഗഞ്ചിൽ നിന്നാണ് കൊച്ചി സിറ്റി സൈബർ പോലീസ് പ്രതിയെ പിടികൂടിയത്. രാജ്യത്ത് വിവിധയിടങ്ങളിൽ നടക്കുന്ന സൈബർ തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരൻ ആണ് ഇയാൾ. ഇയാൾക്ക് കംബോഡിയയിൽ തട്ടിപ്പ് സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും കോടിക്കണക്കിനു രൂപയാണ് തട്ടിയെടുത്തിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.
സൈബർ പോലീസ് എസിപി മുരളിയുടെ നിർദ്ദേശപ്രകാരം പോലീസ് ഇൻസ്‌പെക്ടർ പി ആർ സന്തോഷ്, എ എസ് ഐ വി ശ്യാം കുമാർ, പോലീസ് ഓഫീസർമാരായ ആർ അരുൺ, അജിത് രാജ്, നിഖിൽ ജോർജ്, ഷറഫുദ്ധീൻ, ആൽഫിറ്റ് ആൻഡ്രൂസ് എന്നിവരടങ്ങുന്ന സംഘമാണ് കൊൽക്കത്തയിലെത്തി പ്രതിയെ പിടികൂടിയത്.
Leave a Reply