എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളുടെ വില കുറയും

ന്യൂഡല്‍ഹി: അടുത്തവര്‍ഷം മുതല്‍ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളുടെ വില കുറയുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. അടുത്ത വര്‍ഷം മുതല്‍ ചില ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വില കുറയും. നിലവില്‍ വര്‍ഷത്തില്‍ അഞ്ചു കോടി പാഠപുസ്തകങ്ങളാണ് കൗണ്‍സില്‍ അച്ചടിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ ശേഷി 15 കോടിയായി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു.

‘9-12 ക്ലാസുകളിലെ പുതുക്കിയ പാഠ്യപദ്ധതി പ്രകാരമുള്ള പുതിയ പാഠപുസ്തകങ്ങള്‍ 2026-27 അക്കാദമിക് സെഷന്‍ മുതല്‍ ലഭ്യമാകും.അടുത്ത അധ്യയന വര്‍ഷത്തില്‍, ഗുണമേന്മയുള്ളതും താങ്ങാനാവുന്നതുമായ 15 കോടി പാഠ പുസ്തകങ്ങള്‍ എന്‍സിഇആര്‍ടി പ്രസിദ്ധീകരിക്കും. നിലവില്‍ ഇത് ഏകദേശം അഞ്ചു കോടി പാഠപുസ്തകങ്ങള്‍ ആണ്. നേരത്തെ പാഠപുസ്തകങ്ങളുടെ ആവശ്യകതയും വിതരണവും സംബന്ധിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് പരിഹരിക്കപ്പെടും’- പ്രധാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

പുസ്തകങ്ങളുടെ അച്ചടി വര്‍ധിക്കുന്നതിനാല്‍ സ്വാഭാവികമായി ചില ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വില കുറയും. എന്നിരുന്നാലും രക്ഷിതാക്കള്‍ക്ക് സാമ്പത്തിക ബാധ്യതയില്ലെന്ന് ഉറപ്പാക്കാന്‍ ഒരു ക്ലാസിലും പാഠപുസ്തകങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍സിഎഫ്) പ്രകാരം പാഠപുസ്തകങ്ങള്‍ പുതുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.