കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയിലായി. ഹര്‍ഷിദ്, അഭിറാം എന്നീ രണ്ടു പ്രതികളെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. കല്‍പ്പറ്റയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. ഹർഷിദ് ആണ് കാർ ഓടിച്ചിരുന്നത്. കേസില്‍ നാലു പ്രതികളാണുള്ളത്.
മറ്റു പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. പ്രതികള്‍ സഞ്ചരിച്ച കാര്‍ ഇന്നലെ വയനാട് കണിയാമ്പറ്റയില്‍ നിന്നും കണ്ടെത്തിയിരുന്നു. കുറ്റിപ്പുറത്ത് രജിസ്റ്റര്‍ ചെയ്ത കാറില്‍ സഞ്ചരിച്ചവരാണ് ആദിവാസി യുവാവ് മാതനോട് കൊടും ക്രൂരതകാട്ടിയത്. ചികിത്സയില്‍ കഴിയുന്ന മാതനെ മന്ത്രി ഒ ആര്‍ കേളു സന്ദര്‍ശിച്ചു.
ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കുടല്‍കടവ് സ്വദേശി മാതന്‍ എന്ന ആദിവാസി യുവാവിനെയാണ് കാറില്‍ സഞ്ചരിച്ചിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. മാതന്റെ അരയ്ക്കും കൈകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Leave a Reply