സർക്കാരിൻ്റെ ഇടപെടൽ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ

സർക്കാരിൻ്റെ ഇടപെടൽ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ

കരുതലും കൈത്താങ്ങും തലശ്ശേരി താലൂക്ക് അദാലത്തിന് തുടക്കം

കണ്ണൂർ: അദാലത്തിലൂടെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെട്ട് അതിവേഗം പരിഹാരം കാണുകയാണ് സർക്കാരെന്ന് രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തലശ്ശേരി താലൂക്ക് അദാലത്ത് കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരാതികളുടെ പ്രാധാന്യവും പ്രസക്തിയും പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. അതാത് മേഖലകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേർന്ന് തീരുമാനങ്ങൾ കൈകൊള്ളും. ജനകീയ പ്രശ്നങ്ങളിൽ എന്നതുപോലെ വ്യക്തിപരമായ പ്രശ്നങ്ങളും കാലവിളംബം കൂടാതെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു മുഖ്യാതിഥിയായി. പൊതുവികസനം മാത്രമല്ല ജനങ്ങളുടെ ചെറുതും വലുതുമായ ഒട്ടനവധി വിഷയങ്ങൾ കൂടി പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എ എ വൈ, പി എച്ച് എച്ച് മുൻഗണന റേഷൻ കാർഡുകൾ അനുവദിച്ച 19 പേർക്ക് അദാലത്തിൽ കാർഡുകൾ വിതരണം ചെയ്തു.
കെ.പി മോഹനൻ എംഎൽഎ അധ്യക്ഷനായി. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം ജമുനാറാണി, ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി പദ്മചന്ദ്ര കുറുപ്പ്, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് സി. രാജീവൻ, ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ സെയ്തു, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി മിനി, തലശ്ശേരി തഹസിൽദാർ എം.വിജേഷ്, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. നേരത്തെ നൽകിയ പരാതികൾക്ക് പുറമെ പുതിയ പരാതികളും സ്വീകരിക്കുന്നുണ്ട്.

തളിപ്പറമ്പ് താലൂക്ക് അദാലത്ത് ഡിസംബർ 12 വ്യാഴാഴ്ച രാവിലെ 10 മുതൽ തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ വളപ്പിലും പയ്യന്നൂർ താലൂക്ക് അദാലത്ത് ഡിസംബർ 13 വെള്ളിയാഴ്ച രാവിലെ 10 മുതൽ പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിലും നടക്കും. ഡിസംബർ 16 തിങ്കളാഴ്ച രാവിലെ 10 മുതൽ ഇരിട്ടി തന്തോട് സെൻറ് ജോസഫ് ചർച്ച് ഹാളിലാണ് ഇരിട്ടി താലൂക്ക് അദാലത്ത്. തളിപ്പറമ്പ്-193, പയ്യന്നൂർ-162, ഇരിട്ടി-161 എന്നിങ്ങനെയാണ് താലൂക്കുകളിൽ ലഭിച്ച പരാതികളുടെ എണ്ണം.

Leave a Reply

Your email address will not be published.