ഗ്രീഷ്മ ധർമജൻ
തൊട്ടടുത്ത വീടുകളിലേക്ക് കണ്ണും കാതും കൂർപ്പിച്ച് അന്യരെ വിധിച്ചും സ്വയം ന്യായീകരിച്ചും നമുക്ക് ചുറ്റുമുള്ളവരൊക്കെ പുച്ഛിച്ച് ജീവിക്കുന്നവർ സുലഭമുള്ള നാടാണ് നമ്മുടേത്. പരദൂഷണം അമ്മായിയും അമ്മാവനെന്നും, പുതിയ കാലത്തെ സിസിടിവിയെന്നും നമ്മൾ കളിയാക്കി അടക്കം പറയുന്നവർ, എന്തും അമൃതമായാൽ വിഷമെങ്കിലും പല ആപത് ഘട്ടങ്ങളിലും ഇത്തരക്കാരുടെ ഇടപെടലുകൾ ഗുണവും ചൊയ്യാറുണ്ട്. കാതും കണ്ണും മനസും അടച്ചുവെച്ച് നമ്മുടെ ലോകം മുറികളിൽ മാത്രം ഒതുക്കുന്നതിന് മുൻപ് നമ്മൾ ജീവിക്കുന്ന ചുറ്റുപാടും കണ്ണോടിക്കുന്നതും നല്ലതാണ്. സുരക്ഷിത മേഖലയിലേക്ക് എപ്പോൾ വേണമെങ്കിലും കടന്നുവരാവുന്ന ചില വില്ലന്മാരെ കരുതിയിരിക്കുന്നതിന് ഇത് ഉപകരിക്കും. ഒരു വീട്ടമ്മയുടെ ഇത്തരത്തിലുളള സൂക്ഷ്മദർശന
ങ്ങളിൽ ചുരുളഴിയുന്ന നിഗൂഢതയുടെ കഥയാണ് ‘സൂക്ഷ്മദർശിനി’.
കുടുംബവും കുഞ്ഞുകുട്ടി പരാധീനതകളുമായി കഴിയുന്ന വീട്ടമ്മയായ
മൈക്രോബയോളജിയിൽ പോസ്റ്റ് ഗ്രാജുവേഷൻ നേടിയ പ്രിയ, നല്ലൊരു ജോലി കണ്ടെത്താനുള്ള തത്രപ്പാടിലാണ്. പ്രൈവറ്റ് കമ്പനിയിൽ എക്സിക്യൂട്ടീവ് ആണ് പ്രിയയുടെ ഭർത്താവ് ആന്റണി. നഗരത്തിന് അടുത്തായുള്ള ഒരു നാട്ടിൻപുറത്ത് വാട്സ്ആപ്പ് ഗ്രൂപ്പുകളും വീട്ടുകാര്യവുമൊക്കെ നോക്കി കഴിയുന്ന പ്രിയയുടെ സുഹൃത്തുക്കളാണ് അടുത്തടുത്ത വീടുകളിൽ കഴിയുന്ന സുലുവും സ്റ്റെഫിയും അസ്മയും ടീച്ചറും. അവരങ്ങനെ സ്വസ്ഥമായി കഴിയുമ്പോഴാണ് വർഷങ്ങളായി അടഞ്ഞു കിടക്കുന്ന തൊട്ടടുത്ത വലിയ വീട്ടിലേക്ക് ഗ്രേസ് അമ്മച്ചിയും അവരുടെ മകൻ മാനുവലും മടങ്ങിവരുന്നത്. ആദ്യകാഴ്ചയിൽ തന്നെ മാനുവലിനെ നെഗറ്റീവ് അടിക്കുന്ന പ്രിയ സംശയകണ്ണുകളോടെ അയാളുടെ പ്രവർത്തികളെ പിന്തുടരുന്നതോടെയാണ് കഥ പുരോഗമിക്കുന്നത്.
സംശയങ്ങളുടെ മേൽ സംശയങ്ങൾ കൊരുത്ത് കൊരുത്ത് മുന്നേറുന്ന ആദ്യപകുതിയും. ട്വിസ്റ്റുകളുടെ പിറകേ ട്വിസ്റ്റുകൾ നൽകുന്ന രണ്ടാം പകുതിയും, കൊണ്ട് മലയാളത്തിലെ മികച്ച മിസ്റ്ററി ത്രില്ലറുകളുടെ പട്ടികയിൽപെടുത്താവുന്ന ചിത്രമാണ്സൂക്ഷ്മദർശിനി. ആദ്യപകുതിയിൽ നിന്ന്, പ്രേക്ഷകർ തങ്ങൾ പരിചയിച്ചുപോന്ന ദൃശ്യഭാഷകളുടെ ഹരണഗുണന ക്രിയകൾകൊണ്ട് ഒരു നിഗമനത്തിലെത്തുമ്പോൾ അവയെയെല്ലാം നിഷ്കരുണം ചവിട്ടിമെതിച്ച് സംവിധായകൻ തന്റെ സിനിമയെ അടുത്ത ലെവലിലേക്ക് കൊണ്ടുപോകുന്നു. ഇത് സിനിമയുടെ അവസാനം വരെ ആവർത്തിച്ച് ആവർത്തിച്ച് എന്നാൽ പിന്നെ ‘നിങ്ങള് തന്നെ പറ’ എന്ന തോൽവിയിലേക്ക് ആസ്വാദകരെ കൊണ്ടെത്തിക്കുന്ന മാജിക് ആണ് സിനിമയുടെ രണ്ടാം പകുതി.
സിനിമയുടെ ക്ലൈമാക്സ് ഒരിക്കൽ പോലും നമ്മൾ വിചാരിച്ച ഇടത്തേക്ക് എത്തിക്കാതെ സിനിമയെ അങ്ങ് സ്വന്തമാക്കി കളഞ്ഞു സിനിമയുടെ സംവിധായകൻ എം.സി. ജിതിനും തിരക്കഥാകൃത്തുക്കളായ ലിബിനും അതുലും. കെട്ടുറപ്പുള്ള ഒരു തിരക്കഥ എങ്ങനെ ഒരു സിനമയ്ക്ക് ഗുണം ചെയ്യുമെന്ന് ഉത്തമ ഉദ്ദാഹരണമാണ് ഈ സിനിമ. എം.സി. ജിതിൻ എന്ന സംവിധായകന്റെ രണ്ടാമത്തെ സിനിമയാണ് ഇത് എന്നത് നമ്മെ അദ്ഭുതപ്പെടുത്തുന്നു. ത്രില്ലർ സിനിമയുടെ ഒഴിവാക്കാനാവാത്ത ക്രൈം സ്വീകൻസുകൾ പോലും അലോസരപ്പെടുത്താതെ ഫലിതത്തിൽ ചാലിച്ച് മുൻപിലെത്തിച്ച അവതരണ പാടവം കൈയടി നേടേണ്ടതാണ്.
നാലുവർഷങ്ങൾക്ക് ഇപ്പുറമുള്ള നസ്റിയയുടെ രണ്ടാംവരവ് ഗംഭീരമായി. സ്വാഭവിക അഭിനയശേഷികൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ ബേസിൽ ഇത്തവണയും നിരാശനാക്കിയില്ല. ഇരുവരുടേയും കോമ്പിനേഷൻ സീനുകളിൽ മത്സരിച്ച് അഭിനയിച്ചെങ്കിലും പ്രിയ കാഴ്ചക്കാരിലേക്ക് ആഴ്ന്നിറങ്ങുക തന്നെ ചെയ്തു. അഖില ഭാർഗവൻ, മെറിൻ ഫിലിപ്, പൂജ മോഹൻരാജ്, ജയാ കുറുപ്പ് , കോട്ടയം രമേശ്, സിദ്ധാർഥ് ഭരതൻ, ദീപക് പറമ്പോൽ, മനോഹരി ജോയ്, ആതിര രാജീവ്, സരസ്വതി, നന്ദൻ ഉണ്ണി, തുടങ്ങിയ അഭിനേതാക്കൾ കരുത്തുറ്റ പ്രകടനവുമായി ചിത്രത്തിലുണ്ട്. ഹാപ്പി ഹവേർസ് എന്റർടെയ്ൻമെന്റ്‌സിന്റേയും, എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. . ക്രിസ്റ്റോ സേവ്യർ ഒരുക്കിയിരിക്കുന്ന ഗാനങ്ങൾ സിനിമയുമായി ഇഴുകിച്ചേരുന്നു.
പരദൂഷണം എന്നും സ്ത്രീ വിരുദ്ധതയെന്നും ഇതിനോടകം ചില വിമർശനാത്മക കുറിപ്പുകൾ സിനിമക്കെതിരെ ഉയർന്നു വന്നിട്ടുണ്ട്. ‘പ്രിയദർശിനി’ – ‘സൂക്ഷമദർശിനി’ സിനിമയുടെ ടൈറ്റിൽ പോലും പ്രിയയുടെ സൂക്ഷമ ദർശനങ്ങളെ മുൻനിർത്തിയുള്ളതാണ്. ‘പര’ ദൂഷണത്തിൽ മാത്രം ഒതുങ്ങുന്നതല്ല അവളുടെ കണ്ടെത്തലുകളെന്ന് സിനിമ തന്നെ നമുക്ക് കാട്ടിത്തരുന്നുണ്ട്. ഒരു അമ്മയോട് തോന്നുന്ന സ്നേഹം, അവരുടെ ജീവിതം സുരക്ഷിത മാക്കാനുള്ള ശ്രമങ്ങൾ, സൗഹൃദങ്ങളോടുള്ള ആത്മാർഥത, ഒടുവിൽ ജോലിയെന്ന തന്റെ എക്കാലത്തെയും സ്വപ്നവും സ്വന്തം ജീവിതത്തെ തന്നെ പണയപ്പെടുത്തിയുമാണ് പ്രിയ മനുഷ്യത്വത്തെ മുറുകെ പിടിക്കുന്നത്. സിനിമ പങ്കുവച്ചിരിക്കുന്ന വിഷയങ്ങളെല്ലാം ഇന്ന് സമൂഹത്തിൽ നടക്കുന്നത് തന്നെയാണ്. സിനിമയെ സിനിമയായി കണ്ടാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമാണ് ഈ വിമർശനങ്ങൾ.
റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും ഹൗസ്ഫുൾ ഷോകളുമായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. ഉടൻ തന്നെ അമ്പത് കോടി ക്ലബ്ലിലേക്കുള്ള യാത്രയിലാണ് സിനിമ. ഇന്ത്യയൊട്ടാകെയുള്ള തിയെറ്ററുകളെ കീഴടക്കാൻ ഒരുങ്ങുന്ന പുഷ്പ 2വിന്റെ അലയൊലികൾ മറ്റെല്ലാ മലയാള സിനിമകളെ പോലെ സൂക്ഷ്മദർശിനിയെയും വിഴുങ്ങാതെയിരുന്നാൽ തീർച്ചയായും റെക്കോഡ് കളക്ഷനുകൾ നേടാൻ കെൽപ്പുള്ള സിനിമ തന്നെയാണ് സൂക്ഷമദർശിനി.
Leave a Reply