പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയില്‍ ചര്‍ച്ചയായ നീല ട്രോളി ബാഗ് വിവാദത്തില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ്. കേസില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കള്ളപ്പണം വന്നുവെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിലായിരുന്നു അന്വേഷണം.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം എത്തിച്ചെന്നായിരുന്നു ആരോപണം. തുടര്‍ന്ന് നവംബര്‍ 6ന് പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തു. കുഴല്‍പ്പണം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
നീല ട്രോളി ബാഗില്‍ തന്റെ വസ്ത്രങ്ങള്‍ ആയിരുന്നു എന്നാണ് രാഹുല്‍ വ്യക്തമാക്കിയിരുന്നത്. നേതാക്കന്മാര് താമസിക്കുന്ന ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തിയത് വലിയ രാഷ്ട്രീയവിവാദമായിരുന്നു. അതേസമയം പാലക്കാട്ടെ പാതിരാ പരിശോധനയില്‍ ഷാനിമോള്‍ ഉസ്മാന് എംഎല്‍എ, ബിന്ദു കൃഷ്ണ എന്നിവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പുകാലത്തെ പതിവ് പരിശോധനയാണ് ഹോട്ടലില്‍ നടത്തിയതെന്നും പരിശോധനയില്‍ അനധികൃതമായി ഒന്നും കണ്ടെത്തിയില്ലെന്നും പൊലീസ് പറഞ്ഞിരുന്നു.
Leave a Reply