തൃശൂര്‍: തീവ്രവാദികള്‍ സിപിഎമ്മില്‍ നുഴഞ്ഞുകയറി എന്ന കാര്യത്തില്‍ സുധാകരന്റെ പകുതി മനസ്സ് ബിജെപിയുടേത് ആണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍. താനും ബിജെപി ആലപ്പുഴ ജില്ല പ്രസിഡന്റ് ഗോപനും ചേര്‍ന്നാണ് സിപിഎം മുതിര്‍ന്ന നേതാവ് ജി സുധാകരനെ വീട്ടില്‍ പോയി കണ്ടത്.
വിശിഷ്ട വ്യക്തികളെ കണ്ട് ആദരിക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. അദ്ദേഹം കാണിച്ച സ്‌നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണ്. ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം ഏകാത്മ മാനവദര്‍ശനം അദ്ദേഹത്തിന് സമ്മാനിച്ചതായും ബി ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജി സുധാകരന്റെ മനസ്സ് പകുതി ബിജെപിക്കാരന്റേത് കൂടിയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യദ്രോഹികളുടെ കരാളഹസ്തത്തില്‍ ആണെന്ന തങ്ങളുടെ വാദം സുധാകരന്‍ അംഗീകരിക്കുന്നുണ്ട്. തങ്ങള്‍ പറഞ്ഞതെല്ലാം അദ്ദേഹവും ഭാര്യയും മൗനം സമ്മതം എന്ന രീതിയില്‍ കേട്ടിരുന്നു. സുധാകരന് ഒരിക്കലും കോണ്‍ഗ്രസിലേക്ക് പോകാനാവില്ല.
ആലപ്പുഴ ജില്ലയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ മതതീവ്രവാദികള്‍ നുഴഞ്ഞുകയറി നേതൃത്വം പിടിച്ചെടുക്കുന്നത് ദൂരവ്യാപകമായ പ്രത്യഘാതങ്ങള്‍ക്കിടവരുത്തുമെന്ന് ഞങ്ങള്‍ കൃത്യമായും വ്യക്തമായും അദ്ദേഹത്തോട് സൂചിപ്പിച്ചു. അദ്ദേഹം മറുപടി മൗനത്തിലൊതുക്കി. മൗനം സമ്മതമാണങ്കില്‍ ആശയപരമായ കാഴ്ചപ്പാടില്‍ അദ്ദേഹം പാതി ബിജെപിയോടൊപ്പമാണ്.ഞങ്ങള്‍ ഏറെ നേരം സംസാരിച്ചു.
ഏറെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ വിനയവും ലാളിത്യവുമായിരുന്നെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. കണ്ടു പഠിക്കേണ്ട വ്യക്തിത്വം. ഇന്ന് കേരളത്തില്‍ ജീവിക്കുന്ന സത്യസന്ധനായ കമ്യൂണിസ്റ്റ് സഖാവാണ് ജി സുധാകരന്‍. അദ്ദേഹം ബിജെപിയില്‍ വരുമെന്നോ അംഗത്വം എടുക്കുമെന്നോ ഞാന്‍ ചിന്തിക്കുന്നില്ല. പക്ഷെ, ഇന്ന് ബിജെപി ഉയര്‍ത്തിക്കാട്ടുന്ന മതഭീകരതയുടെ സിപിഎമ്മിലെ നുഴഞ്ഞുകയറ്റം അദ്ദേഹവും മനസ്സിലാക്കുന്നു എന്ന് എനിക്ക് തോന്നി, ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Leave a Reply