വാർഡ് വിഭജനത്തിലെ അപാകത: കോൺഗ്രസ് പരാതി നൽകി

പൊന്നാനി: പൊന്നാനി നഗരസഭയിലെ വാർഡുകൾ പുനർ വിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനത്തിൽ വ്യാപകമായ അപാകതകളാണ് സംഭവിച്ചിട്ടുള്ളതെന്ന് പൊന്നാനി മുനിസിപ്പൽ മണ്ഡലം കോൺഗ്രസ് ഡിലിമിറ്റേഷൻ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. റോഡുകളും ,പുഴകളും അതിർത്തിനിർണയിച്ച വാർഡുകളുടെ ഭൂപടത്തിന് പുറത്തുനിന്ന് നിരവധി വീടുകളാണ് മിക്കവാർഡുകളിലും ഉൾപ്പെട്ടിട്ടുള്ളത്. പോളിംഗ് സ്റ്റേഷന് സമീപം താമസിക്കുന്നവരും, വോട്ട് ചെയ്യുന്നവരും നാലു കിലോമീറ്റർ ദൂരെയുള്ള പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യേണ്ട സ്ഥിതിയിലാണ് പൊന്നാനി നഗരസഭയിൽ വാർഡ് വിഭജനം നടത്തിയിട്ടുള്ളത്. ഒരേ നമ്പറിലുള്ള വീടുകൾ പല വാർഡുകളിൽ ഉൾപ്പെടുത്തുകയും, ക്ലോക്ക് വൈസിൽ വിഭജിക്കേണ്ട വാർഡുകൾ തെറ്റായ രീതിയിലുമാണ് വിഭജനം നടത്തിയിട്ടുള്ളത്. പൊന്നാനി നഗരസഭയിൽ ഡി ലിമിറ്റേഷൻ കമ്മീഷൻ്റെ നിർദ്ദേശത്തിനു വിരുദ്ധമായി വാർഡ് വിഭജനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുകയും, പൊന്നാനിയിലെ വാർഡുകൾ ശരിയായ രീതിയിൽ പുനർ വിഭജനം നടത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ഡിലിമിറ്റേഷൻ സെക്രട്ടറിക്കും, ജില്ലാ കലക്ടർക്കും പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി പരാതി നൽകി.

മണ്ഡലം പ്രസിഡണ്ട് എൻ പി നബിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉണ്ണികൃഷ്ണൻ പൊന്നാനി, എ പവിത്രകുമാർ, കെ ജയപ്രകാശ്, എം രാമനാഥൻ, പിടി നാസർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.