‘ആന എഴുന്നളളിപ്പ് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാനാകില്ല’

‘ആന എഴുന്നളളിപ്പ് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാനാകില്ല’

കൊച്ചി: ഉത്സവങ്ങളില്‍ ആനകളെ എഴുന്നളളിക്കുന്നത് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാനാകില്ലെന്ന്ഹൈക്കോടതി. ഉത്സവങ്ങളിലുള്‍പ്പെടെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ല . ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇതില്‍ ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

അകലപരിധി കുറയ്ക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാം. അഭിപ്രായ പ്രകടനങ്ങള്‍ പരിഗണിച്ച് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

എന്നാല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം പൂരാഘോഷം ചുരുക്കേണ്ടിവരുമെന്ന് തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു. പുതിയ നിയന്ത്രണങ്ങള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും. ഒരാനപ്പുറത്ത് ശീവേലി പോലെ നടത്തേണ്ടി വരും. ഇത് പൂരത്തിന്റെ ഭംഗിയും പ്രൗഡിയും ഇല്ലാതാക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും കോടതിയെ എതിര്‍ക്കാനില്ലെന്നും തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു. ആചാരത്തെ അതിന്റേതായ രീതിയില്‍ ഉള്‍ക്കൊണ്ട് ഇളവുകള്‍ കൊണ്ടുവരണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.