പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട്:റിപ്പോര്‍ട്ട് തള്ളി

പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട്:റിപ്പോര്‍ട്ട് തള്ളി

മുംബൈ: മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്നുള്ള റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ദി വയര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു. പുറത്ത് വിട്ടത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കുകളാണ്. 5,38,225 വോട്ടുകള്‍ കണക്കാക്കിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

നവംബര്‍ 23ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നായിരുന്നു ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 64,088,195 ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 66.05 ശതമാനമായിരുന്നു അന്തിമ വോട്ടിങ് ശതമാനം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.എന്നാല്‍ ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 64,592,508 വോട്ടുകളാണെന്നാണ് കണക്ക്. ഇക്കാര്യം ചൂണ്ടികാട്ടിയാണ് പോള്‍ ചെയ്ത വോട്ടിനെക്കാള്‍ 504,313 അധികം വോട്ടുകള്‍ വോട്ടെണ്ണല്‍ ദിവസം എണ്ണിയെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തത്.

200 മണ്ഡലങ്ങളില്‍ അധികമായും എട്ട് മണ്ഡലങ്ങളില്‍ കുറവായുമാണ് വോട്ടുകള്‍ എണ്ണി. പോള്‍ ചെയ്തതിനേക്കാള്‍ 4,538 വോട്ടുകള്‍ കൂടുതല്‍ എണ്ണപ്പെട്ട അഷ്തി മണ്ഡലത്തിലും 4,155 വോട്ടുകളുടെ വ്യത്യാസമുള്ള ഒസ്മാനാബാദ് മണ്ഡലത്തിലുമാണ് ഏറ്റവും വലിയ പൊരുത്തക്കേടുകള്‍ രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.