ഇന്നും സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 960 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണ വില 57,000ല്‍ താഴെ എത്തി. രണ്ട് ദിവസം കൊണ്ട് ഒറ്റയടിക്ക് പവന് 1,760 രൂപയാണ് കുറഞ്ഞത്. 56,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. 7080 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയാണ് ഇന്നലെ മുതല്‍ ഇടിയാന്‍ തുടങ്ങിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്.

ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലും ലെബനനും ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അന്താരാഷ്ട്ര സ്വർണവില കുറഞ്ഞത്. ഇന്നലെ വാർത്ത പുറത്തുവന്നതോടെ അന്താരാഷ്ട്ര സ്വർണ്ണ വില 2640 ഡോളറിൽ എത്തിയിരുന്നു. ഇതാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിച്ചത്. 

Leave a Reply

Your email address will not be published.