കൊരട്ടിയിൽ മാതൃക വിദ്യാർത്ഥി ഹരിത സഭ

രവിമേലൂർ

കൊരട്ടി: കൊരട്ടിയെ മാലിന്യമുക്തമാക്കുമെന്ന പ്രതിജ്ഞയോടെ കുട്ടികളുടെ മാതൃകാ ഹരിത സഭ ചേർന്നു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിലെ മാതൃകാ ഹരിത സഭയായി തെരഞ്ഞെടുക്കപ്പെട്ട കൊരട്ടിയിലെ കുട്ടികളുടെ ഹരിതസഭയിൽ പഞ്ചായത്ത് പരിധിയിലെ എയ്‌ഡഡ്‌ – അൺ എയ്‌ഡഡ്‌ സ്‌കൂളുകളടക്കം 20 വിദ്യാലയങ്ങളിലെ 170 കുട്ടികൾ പങ്കെടുത്തു. പഞ്ചായത്തിലെ മാലിന്യമുക്ത പ്രവർത്തനങ്ങളിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ കൂടി അവതരിപ്പിച്ചും സ്‌കൂളിലും വീടുകളുടെ പരിസരങ്ങളിലും മാലിന്യ നിർമാർജന പരിപാടികളിൽ ഭാഗഭാക്കാകുമെന്ന പ്രതിജ്ഞ എടുത്തുമാണ് കുട്ടികൾ മടങ്ങിയത്.

പഞ്ചായത്ത് തലത്തിലെ മികച്ച ഹരിത വിദ്യാലയങ്ങളുടെ പട്ടിക ഹരിത സഭയിൽ പ്രഖ്യാപിച്ചു. ഹരിത കേരള മിഷന്റെ മാനദണ്ഡങ്ങൾ പാലിക്കുകയും ഇന്നത്തെ ഹരിതസഭയിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്ത കൊരട്ടി പഞ്ചായത്ത് എൽ.പി സ്‌കൂളിനെ മികച്ച ഹരിത വിദ്യാലയമായി തെരഞ്ഞെടുത്തു. കില, ഹരിത കേരള മിഷൻ, ആർ.ജി.എസ്.എ എന്നിവയിൽ നിന്നുള്ള വിദഗ്ദരുമായും ഹരിത കർമ്മ സേനാ അംഗങ്ങളോടും കുട്ടികൾക്ക് സംവദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
കൊരട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന കുട്ടികളുടെ ഹരിത സഭ ശുചിത്വ പദയാത്രയോടെയാണ് ആരംഭിച്ചത്. സ്ക്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ശുചിത്വ അംബാസിഡറായ മുഹമ്മദ് റിസ്വാനും കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിസി ബിജുവും ശുചിത്വ പദയാത്രയ്ക്ക് നേതൃത്വം നൽകി. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ നൈനു റിച്ചു കുട്ടികളുടെ ഹരിത സഭയിലെ പങ്കാളികൾക്ക് സ്വാഗതം പറഞ്ഞു. കുട്ടികളുടെ ശുചിത്വ അംബാസിഡർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് തലത്തിൽ നടക്കുന്ന മാലിന്യ മുക്ത ഉദ്യമങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡന്റ് അവതരിപ്പിച്ചു. എൽ.പി, യു. പി വിഭാഗങ്ങളിലെ കുട്ടികൾ തങ്ങളുടെ സ്‌കൂളിലെ മാലിന്യ പ്രശ്നങ്ങൾ, ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾ വീടുകളിലെ മാലിന്യ പ്രശ്നങ്ങൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ പൊതുവിടങ്ങളിലെ മാലിന്യ പ്രശ്‍നങ്ങൾ എന്നീ വിഷയങ്ങളിൽ പ്രോജക്ട് റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച റിപ്പോർട്ടുകളെ കുട്ടികളുടെ പാനൽ അംഗങ്ങളായ അൽന തോമസ്, അനു ഷിബു എന്നീ വിദ്യാർത്ഥികൾ നോഡൽ ഓഫീസർ ആശാ ജോയിയുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു .

മാലിന്യ മുക്ത നവകേരളവുമായി ബന്ധപ്പെട്ട ഉണർത്തു പാട്ട് കൊരട്ടി എം.എ.എം.എച്ച് .എസ് വിദ്യാർത്ഥികളായ അശ്വതി, ദേവിക എന്നിവർ ചേർന്ന് അവതരിപ്പിച്ചു. എൽ.എഫ് കോൺവെന്റ് എൽപി സ്‌കൂളിൽ നിന്നുള്ള ക്ലെയർ റോസ് ലിയോ വിഷയത്തിൽ പ്രസംഗിച്ചു. സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ അങ്കിത് ജോഷ്വാ മലയാളത്തിൽ കവിത ചൊല്ലി. മാലിന്യ മുക്ത പദ്ധതികളുമായി ബന്ധപ്പെട്ട് കുട്ടികളുടെ എക്സിബിഷനും പുനഃരുപയോഗം സാധ്യമാകുന്ന വസ്തുക്കളെ കുറിച്ചുള്ള കുട്ടികളുടെ കരകൗശല-ചിത്ര പ്രദർശനവും നടന്നു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഡ്വ:കെ.ആർ.സുമേഷ്, പഞ്ചായത്ത് അംഗങ്ങളായ പി.എസ് സുമേഷ്, ജൈനി ജോഷി, പിജി സത്യപാലൻ, ലിജോ ജോസ്, വർഗീസ് തച്ചുപറമ്പിൽ, റെയ്‌മോൾ ജോസ്, ഷിമ സുധിൻ, ജിസി പോൾ, വർഗീസ് പയ്യപ്പിള്ളി, പഞ്ചായത്ത് സെക്രട്ടറി ശ്രീലത, എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഫ്രാൻസിസ് എം.ജെ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.