റവന്യൂ ജില്ലാ കലോത്സവത്തിന് നാളെ തിരി തെളിയും

മലപ്പുറം: മുപ്പത്തിയഞ്ചാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് കോട്ടക്കലില്‍ നാളെ (ചൊവ്വ) തിരിതെളിയും. കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും കോട്ടൂര്‍ എ കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായി നവംബര്‍ 26 മുതല്‍ 30 വരെയാണ് ഇത്തവണത്തെ മേള. കലോത്സവത്തിന്റെ ഉദ്ഘാടനം നാളെ (26 ചൊവ്വ) വൈകീട്ട് 5 ന് ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രാജാങ്കണം എന്ന പേരിലുള്ള ഒന്നാം വേദിയില്‍ എം പി അബ്ദുസമദ് സമദാനി എം പി നിര്‍വഹിക്കും.
ചടങ്ങില്‍ കോട്ടക്കല്‍ എം എല്‍ എ ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, കോട്ടക്കല്‍ നഗരസഭാ അധ്യക്ഷ ഡോ. ഹനീഷ കെ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മുത്തേടം, ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. മാധവന്‍കുട്ടി വാര്യര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ- കലാ- സാംസ്‌കാരിക- പൊതു വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
30 ന് നടക്കുന്ന സമാപന സമ്മേളനം കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള ട്രോഫികളും ചടങ്ങില്‍ വിതരണം ചെയ്യും.

ആകെ 315 ഇനങ്ങളിലായി പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ജില്ലാ കലാമേളയില്‍ മത്സരിക്കാനെത്തുന്നത്. മൂന്നു ഹാളുകള്‍ ഉള്‍പ്പടെ 16 വേദികളാണ് മത്സരത്തിനായി തയ്യാറാക്കിയിട്ടുള്ളത്. ഗവ. രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പ്രധാന വേദിയായ രാജാങ്കണം. കലോത്സവത്തിന്റെ ഒന്നാം ദിവസം 7 വേദികളും 2 ഹാളുകളും ഗവ. രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും ബാന്‍ഡ് മേളവും രചനാ മത്സരങ്ങളും എ കെ എം ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലുമായി നടക്കും. മംഗലം കളി, മലപ്പുലയ യാട്ടം, പണിയ നൃത്തം, ഇരുള നൃത്തം, പളിയ നൃത്തം എന്നിങ്ങനെ 5 ഇനങ്ങള്‍ ഇത്തവണ കലോത്സവത്തില്‍ അധികമായി ചേര്‍ത്തിട്ടുണ്ട്. കലോത്സവ ഫലങ്ങള്‍ തത്സമയം വിദ്യാര്‍ത്ഥികളിലേക്കെത്താന്‍ https://mlpkalolsavam.blogspot.com/ എന്ന ഒരു വെബ്‌സൈറ്റും തയ്യാറാക്കിയിട്ടുണ്ട്.

ഇത്തവണത്തെ കലോത്സവം ഭിന്നശേഷി സൗഹൃദ മേളയാണ്. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ചു എസ്.എസ്.കെയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികളുടെ കലാപരിപാടി യും ആതിഥേയ വിദ്യാലയത്തിന്റെ മരവും കുട്ടിയും നൃത്ത ശില്പവും അവതരിപ്പിക്കും. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്വാഗത ഗാനവും ചടങ്ങിന് മാറ്റ്കൂട്ടും

ജില്ലാ കലോത്സവത്തിലെ ഓവറാള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന സബ് ജില്ലക്കായി പൊതു വിദ്യഭ്യാസ വകുപ്പിന്റെ കീഴില്‍ പുതിയതായി ഒരു റോളിംഗ് ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തു തന്നെ ആദ്യമാണ് ഇതെന്നത് ഈ മേളയുടെ പ്രത്യേകതയാണ്.
യുവകലാകാരന്‍ ഷിബു സിഗ്‌നേച്ചര്‍ ആണ് ട്രോഫി നിര്‍മ്മിച്ചത്. വാര്‍ലി പെയ്ന്റിങ് രീതിയിലാണ് ശില്‍പ്പം നിര്‍മ്മിച്ചിരിക്കുന്നത്. ഒ വി വിജയന്‍ പുരസ്‌കാരം, നന്തനാര്‍ സ്മാരക അവാര്‍ഡ് എന്നിവക്കുള്ള ശില്‍പ്പങ്ങള്‍ ഒരുക്കിയതും ഈ യുവ കലാകാരനാണ്. 1200 ഓളം വ്യക്തിഗത ട്രോഫികളും 27 റോളിങ് ട്രോഫികളും ട്രോഫി & സര്‍ട്ടിഫിക്കറ്റ് കമ്മറ്റി തയ്യാറാക്കിയിട്ടുണ്ട്. U P , HS , HSS വിഭാഗങ്ങളില്‍ ജനറല്‍ , സംസ്‌കൃതം, അറബിക്ക് എന്നീ വിഭാഗങ്ങളില്‍ ഓവറാള്‍ പോയന്റ് നേടിയ സബ്ജില്ല കള്‍ക്കും സ്‌കൂളുകള്‍ക്കുമാണ് ഓവറാള്‍ ട്രോഫികളുള്ളത് – ഒരോ ഇനത്തിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടുന്ന കുട്ടികള്‍ക്ക് വ്യക്തിഗത ട്രോഫികള്‍ ഉണ്ടാകും.

അഞ്ചുദിവസങ്ങളിലായി ഇരുപത്തിഅയ്യായിരം പേര്‍ക്ക് വിവിധ തരം പായസത്തോടെയുള്ള ഉച്ചഭക്ഷണവും 15,000 പേര്‍ക്ക് രാത്രി ഭക്ഷണവും പതിനായിരം പേര്‍ക്ക് ബ്രേക്ക് ഫാസ്റ്റും വൈകീട്ട് ചായയും കടിയും ഒരുക്കും. ഒരേ സമയം 10 കൗണ്ടറുകളിലായി 1200 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന വലിയ സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.
കോങ്ങാട് വിനോദ് സ്വാമി യുടെ നേതൃത്വത്തിലാണ് ഭക്ഷണം ഒരുക്കുന്നത്. ആദ്യ ദിവസത്തെ ഭക്ഷണം എ കെ എം ഹയര്‍ സെക്കൻഡറി സ്‌കൂള്‍ മാനേജര്‍ ഇബ്രാഹിം ഹാജി കറുത്തേടം തയ്യാറാക്കി നല്‍കും..

ഹരിത ചട്ടങ്ങള്‍ പാലിച്ചു കൊണ്ടാണ് മേള ആസൂത്രണം ചെയ്തിട്ടുള്ളത്.
കലോത്സവത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും ഹരിത ചട്ടങ്ങള്‍ പാലിക്കണം എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

വാഹന പാർക്കിങ്

ഗവ രാജാസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പാര്‍ക്കിംഗ് വാഹന പാസ്സ് ഉള്ളവര്‍ക്ക് മാത്രമായി ക്രമീകരിച്ചിട്ടുണ്ട്. മറ്റുവാഹനങ്ങള്‍ക്കായി കോഴിക്കോട് – തൃശൂര്‍ ദേശീയ പാതയിലായി 4 പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വലിയ വാഹനങ്ങള്‍ കുട്ടികളെ ഇറക്കി പുത്തൂര്‍ ബൈപാസിൽ പാര്‍ക്ക് ചെയ്യാം.

മേളക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നഗരസഭാ ചെയർപെഴ്സൺ ഡോ കെ. ഹനീഷ , വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേഷ്കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published.