കൽപകഞ്ചേരി: വളവന്നൂരിലെ മുസ്ലിം ലീഗ് കാരണവരും പൗര പ്രമുഖനുമായ പി.സി അബ്ദുറഹ്മാൻ സാഹിബിൻ്റെ വിയോഗം വളവന്നൂരിനും മുസ്‌ലിം ലീഗ് പാർട്ടിക്കും തീരാ നഷ്ടം. 1962 ൽ 22-ാം വയസ്സിൽ സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ നേരിട്ട് മുസ്ലിംലീഗിൻ്റെ ഭാരവാഹിത്വത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. മുസ്‌ലിം ലീഗ് നേതാക്കളുമായി ഹൃദയ ബന്ധമുള്ള വ്യക്തിത്വമായിരുന്നു പി.സി അബ്ദുറഹ്മാൻ സാഹിബ്. മലപ്പുറം ജില്ലയിലെ തന്നെ മുസ്ലിംലീഗ് കാരണവന്മാരിൽ ഒരാളായ പി.സി വളവന്നൂരിൽ മുസ്ലിം ലീഗ് സ്ഥാപകരിൽ പ്രധാനിയാണ്. വളവന്നൂർ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ആദ്യ ജനറൽ സെക്രട്ടറിയായും, പ്രസിഡന്റ്, ട്രഷറർ എന്നീ നിലകളിലും തുടർച്ചയായി നാലര പതിറ്റാണ്ട് കാലം നേതൃത്വത്തിൽ പ്രവർത്തിച്ച് പാർട്ടിക്ക് വേണ്ടി ജീവിതം കൊടുത്തു.കുറ്റിപ്പുറത്തും, തിരൂരും മണ്ഡലം മുസ്ലിംലീഗിന്റെ വൈസ് പ്രസിഡന്റായും ചെറിയ കാലയളവിൽ ആക്ടിംഗ് പ്രസിഡൻ്റായും പ്രവർത്തിച്ചു. ജില്ലാ മുസ്ലിംലീഗ് സമ്മേളനത്തിൽ ജില്ലയിൽ നിന്നും ആദരിച്ച 10 പേരിൽ ഒരാളായിരുന്നു പി.സി . വളവന്നൂർ പഞ്ചായത്ത് ആദ്യ ഭരണ സമിതി അംഗം, വളവന്നൂർ സർവീസ് സഹകരണ ബാങ്ക് ആദ്യകാല പ്രസിഡൻ്റ്, നിലവിൽ തിരൂർ മണ്ഡലം മുസ് ലിംലീഗ് കമ്മിറ്റി അം ഗവുമായിരുന്നു. ദീർഘകാലമായി എം.ഇ.എസ് കൽപകഞ്ചേരി യൂണിറ്റ് പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, കെ.എം.ഇ.എ സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം, ആദ്യകാല എൽ.ഐ.സി ഏജൻ്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. വളവന്നൂർ ഗ്രാമപഞ്ചായത്ത് ബോർഡിൽ 21 വർഷം മെമ്പറായിരുന്ന ഇദ്ദേഹം മൂന്ന് തവണ വളവന്നൂർ സർവ്വീസ് ബാങ്ക് പ്രസിഡൻ്റായിരുന്നിട്ടുണ്ട്. തൃകണ്ടിയൂർ പി.സി.സി. എം സൊസൈ റ്റി ഡയറക്ടറായും സേവനം ചെയ്തു. ചന്ദ്രിക ആജീവനാന്ത വരിക്കാരനായിരുന്നു.
മയ്യിത്ത് നിസ്കാരത്തിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കുറുക്കോളി മൊയ്തീൻ എം.എൽ.എ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി , സി മമ്മൂട്ടി, അഡ്വ ഫൈസൽ ബാബു, കോട്ടയിൽ കരീം, വെട്ടം ആലിക്കോയ, ഖമറുന്നീസ അൻവർ, കെ.പി മറിയുമ്മ തുടങ്ങിയവർ സന്ദർശിച്ചു. സ്വന്തം വീട്ടുവളപ്പിൽ മയ്യിത്ത് ഖബറടക്കി.
Leave a Reply