‘അടുത്ത തിരഞ്ഞെടുപ്പിലും   സ്നേഹത്തിൻ്റെ കടയിൽ അംഗത്വം നിലനിർത്തണം ‘

‘അടുത്ത തിരഞ്ഞെടുപ്പിലും സ്നേഹത്തിൻ്റെ കടയിൽ അംഗത്വം നിലനിർത്തണം ‘

തിരുവനന്തപുരം: വിമത ബിജെപി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിൽ പ്രതികരണവുമായി കെ.മുരളീധരൻ. അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും വെറുപ്പിൻ്റെ കടയിൽ അംഗത്വം തേടി പോകരുതെന്നും സ്നേഹത്തിൻ്റെ കടയിൽ തന്നെ അംഗത്വം നിലനിർത്തണമെന്നും കെ.മുരളീധരൻ. സന്ദീപ് വാര്യരുടെ അംഗത്വത്തിൽ കോൺഗ്രസ് നേതാക്കളുടെ അനുകൂല പ്രതികരണങ്ങൾക്കിടയിലാണ് മുരളീധരന്റെ ഒളിയമ്പ്

സന്ദീപ് വാര്യർ കോൺ​ഗ്രസിലേയ്ക്ക് എത്തിയത് ടിവിയിൽ കണ്ടു. അതെന്തായാലും നല്ല കാര്യമാണ്. പലരും കോൺ​ഗ്രസ് വിടുമെന്ന് പറയുമ്പോൾ പകരം ഒരു വാര്യരെ കിട്ടിയത് നല്ല കാര്യമാണ്. അദ്ദേഹം രണ്ടാഴ്ച മുൻപ് വന്നിരുന്നെങ്കിൽ വയനാട്ടിൽ പ്രിയങ്ക ​ഗാന്ധിക്ക് വേണ്ടി പ്രചരണത്തിനെങ്കിലും പോകാമായിരുന്നു. രാഹുൽ ​ഗാന്ധിയെ ഒക്കെ ശക്തമായി വിമർശിച്ചിരുന്ന ആളാണ്. രാഹുൽ ​ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ ഞാൻ ഒക്കെ ഒപ്പമുണ്ടായിരുന്നു. കാശ്മീരിലേയ്ക്കല്ല, ആൻഡമാൻ നിക്കോബാറിലേയ്ക്ക് യാത്ര വേണ്ടതെന്നും അവിടെ സവർക്കറെ തടവിൽ പാർപ്പിച്ച മുറിയിൽപ്പോയി നമസ്കരിച്ച് ക്ഷമാപണം നടത്തണമെന്നൊക്കെ പറഞ്ഞ ആളാണ് സന്ദീപ് വാര്യർ.

രാഹുൽ ​ഗാന്ധിയെ കോട്ടയ്ക്കലിൽ അഡ്മിറ്റ് ചെയ്തപ്പോൾ, കോട്ടയ്ക്കൽ അല്ല കുതിരവട്ടത്താണ് അഡ്മിറ്റ് ചെയ്യേണ്ടതെന്ന് പറഞ്ഞയാളാണ് അദ്ദേഹം. അങ്ങനെയുള്ള സന്ദീപ് വാര്യർ രണ്ടാഴ്ച മുൻപ് വന്ന് പ്രിയങ്ക ​ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്തിയിരുന്നെങ്കിൽ അത് രാഹുൽ ​ഗാന്ധിയോട് ചെയ്ത തെറ്റിനൊരു ക്ഷമാപണം ആയേനെ’, കെ.മുരളീധരൻ പറഞ്ഞു.

അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും വെറുപ്പിന്റെ കടയിലേക്ക് അംഗത്വം തേടിപ്പോകരുത്. സ്നേഹത്തിന്റെ കടയിലെ അംഗത്വം നിലനിർത്തണം. തുടർന്നുള്ള എല്ലാ കാലഘട്ടങ്ങളിലും രാഹുൽ ഗാന്ധിയുടെ നിലപാടിനൊപ്പം നിൽക്കണമെന്നു മാത്രമേ ഞാൻ പറയുന്നൂള്ളൂ. വന്നതിൽ സന്തോഷം. ഗാന്ധിയെ കൊന്നതല്ല വെടികൊണ്ടപ്പോൾ മരിച്ചതാണെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. അതൊക്കെ ബിജെപിക്ക് വേണ്ടി പറഞ്ഞതാണെന്നാണ് അദ്ദേഹം പറയുന്നത്. അതൊക്കെ പോട്ടെ കഴിഞ്ഞ കാര്യങ്ങളല്ലേ. ഞങ്ങളോടൊപ്പം നിന്ന ഒരുപാട് നേതാക്കൾ ബിജെപിയിലേക്ക് പോയല്ലോ. അപ്പോൾ ഒരാൾ ഇങ്ങോട്ട് വരുമ്പോൾ അദ്ദേഹത്തിന്റെ പഴയകാര്യ ചരിത്രത്തെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല’, കെ.മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published.