രവിമേലൂർ
ഡിജിറ്റൽ സമയ പട്ടിക , ബസ്സർ മൊബൈൽ ആപ്പ്, നിരീക്ഷണ ക്യാമറകൾ പദ്ധതിയുടെ ഭാഗം.
കാലടി:
ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളും സുരക്ഷയും ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി – കാലടി മേഖല യൂണിറ്റിന്റെ നേതൃത്വത്തിൽ കാലടി ബസ്റ്റാൻഡിൽ ആരംഭിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ഏ.പി. ജിബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിലെ അനൗൺസ്മെൻ്റ് കേന്ദ്രത്തോട് ചേർന്ന് സ്ഥാപിച്ച എൽ ഇ ഡി ഡിസ്പ്ലേ ബോർഡിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പി ള്ളി നിർവഹിച്ചു. വിവിധ റൂട്ടുകളിലേക്കുള്ള സമയവിവരം പ്രദർ ശിപ്പിക്കുന്നതോടൊപ്പം കമ്പ്യൂട്ടർ സഹായത്തോടെ അനൗൺസ്മെൻ്റും നടത്തുന്നതാണ്. സ്റ്റാൻഡിനകത്തും പുറത്തെ റോഡിലും ദൂരക്കാഴ്ച ലഭിക്കുന്ന കൂടുതൽ ക്യാമറകൾ സ്ഥാപിച്ചു. സാമൂഹിക വിരുദ്ധരുടെ കുറ്റകൃത്യങ്ങൾ കൃത്യമായി മനസ്സിലാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ മേഖലയിലെ 200 ൽ പരം ബസ്സുകളുടെ വിവിധ റൂട്ടുകളിലെ സമയക്രമം ബസ്സർ എന്ന മൊബൈൽ ആപ് വഴി ലഭ്യമാക്കുന്നതിനും നടപടികൾ ആരംഭിച്ചു. ബസ്സുകളിൽ പതിപ്പിക്കുന്ന സ്കാനർ വഴിയും ഈ സേവനം ലഭിക്കുന്നതാണ്. ബാംഗ്ലൂർ ആസ്ഥാനമായുള്ള കൈപ്പൻസ് ഇന്നോവേറ്റീവ് എന്ന സ്ഥാപനവുമായി ചേർന്ന് സുരക്ഷയ്ക്കും സേവനത്തിനുമായി സ്റ്റോപ്പ് അനൗൺസ്മെൻ്റ് ,കാർഡ് പെയ്മെൻ്റ് , ഫ്രണ്ട് ക്രോസിംഗ് അലർട്ട്, ലൈവ് ട്രാക്കിംഗ് എന്നിവയും ഒരുക്കുന്നുണ്ട്. കാലടി ബസ്റ്റാൻഡിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ആൻസി ജിജോ, ഗ്രാമപഞ്ചായത്തംഗം പി.ബി.സജീവ്, അങ്കമാലി ജോയിൻ്റ് ആർ ടി ഒ കെ.ബി. അഭിലാഷ്, കാലടി പോലീസ് സബ് ഇൻസ്പെക്ടർ ജെയിംസ് മാത്യു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുൽഫിക്കർ, യൂണിറ്റ് സെക്രട്ടറി ബി.ഓ. ഡേവിസ്, ജിജോ ജോണി,നവീൻ ജോൺ, ടി.എസ്. സിജുകുമാർ, ജോളി തോമസ്, പി. ബി.ഗോപകുമാർ എന്നിവർ സംസാരിച്ചു.
Leave a Reply