‘തൃശൂര്‍ പൂരം പാടത്ത് വച്ച് നടത്തേണ്ടി വരും’

‘തൃശൂര്‍ പൂരം പാടത്ത് വച്ച് നടത്തേണ്ടി വരും’

തൃശൂര്‍: ആനകള്‍ തമ്മിലുള്ള ദൂരം മൂന്ന് മീറ്ററെന്നും ആനയും മനുഷ്യരും തമ്മിലുള്ള അകലം എട്ടുമീറ്ററെന്നും നിജപ്പെടുത്തിയാല്‍ തൃശൂര്‍ പൂരം പാടത്ത് വച്ച് നടത്തേണ്ടി വരുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശപ്രകാരം തൃശൂര്‍ പൂരം നടത്താനാവില്ല. ഉത്സവങ്ങളെ ഇല്ലാതാക്കാന്‍ ഇറങ്ങിയ എന്‍ജിഒകള്‍ പറയുന്നത് മാത്രം കേട്ട് തീരുമാനമെടുക്കരുത് എന്നും അദ്ദേഹം.

നിയന്ത്രണങ്ങള്‍ നടപ്പാക്കിയാല്‍ മഠത്തില്‍ വരവും തെക്കോട്ടിറക്കവും നടത്താന്‍ കഴിയില്ലെന്നും തിരുവമ്പാടി ദേവസ്വം. മഠത്തില്‍ വരവ് നടത്തുന്ന ഇടത്ത് ആകെ റോഡിന് വീതിയുള്ളത് ആറ് മീറ്ററാണ്. മാര്‍ഗനിര്‍ദേശം നടപ്പാക്കിയാല്‍ തൃശൂര്‍ പൂരം പാടത്തേയ്ക്ക് മാറ്റേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. എഴുന്നള്ളിപ്പ് മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തുന്നതിന് വേണ്ടി പോരാടാന്‍ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും ഒന്നിച്ച് ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും കെ ഗിരീഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ വിശദമായ ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published.