തിരുവനന്തപുരം: ഇപി ജയരാജന്റെ കട്ടന്‍ ചായയും പരിപ്പു വടയും തത്കാലം ഇല്ല. ഉടന്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്‌സ് അധികൃതര്‍ വ്യക്തമാക്കി. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നമാണ് പ്രസാധനം നീട്ടിവെച്ചതെന്നും ഡിസി ബുക്‌സ് അറിയിച്ചു. ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്‌സ്.
സംസ്ഥാനത്ത് നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് സര്‍ക്കാരിനെയും പാര്‍ട്ടിയെയും വെട്ടിലാക്കി വീണ്ടും ഇ പി ജയരാജന്‍ ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്തുവന്നത്. ഇ പി ജയരാജന്റെ ആത്മകഥയായ കട്ടന്‍ചായയും പരിപ്പുവടയും എന്ന പുസ്തകത്തില്‍ പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉള്ളതെന്നാണ് ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിന് ആധികാരിക തെളിവൊന്നും ഒരു ചാനലും വ്യക്തമാക്കിയിട്ടില്ല.
ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ നിരവധിയുണ്ടെങ്കിലും ഇതിനപ്പുറം ജനങ്ങള്‍ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിനെക്കുറിച്ചുള്ള മികച്ച അഭിപ്രായം രണ്ടാം പിണറായി സര്‍ക്കാരിനില്ല എന്ന് മാത്രമല്ല, താരതമ്യേന ദുര്‍ബലമാണെന്ന വാദവും ജയരാജന്‍ പുസ്തകത്തില്‍ ഉയര്‍ത്തി. സംഘടനാപരമായും രാഷ്ട്രീയപരമായും തിരുത്തലുകള്‍ വേണമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയോ എന്ന് സംശയമുണ്ടെന്നും ഇ പി ജയരാജന്‍ പുസ്തകത്തില്‍ പറയുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം പുസ്തകത്തിലെ വിശദാംശങ്ങള്‍ ഇതുവരെ ഒരു ചാനലിനും കൊടുത്തിട്ടില്ലെന്ന് ഡിസി ബുക്‌സ് പറഞ്ഞു.
Leave a Reply