ചേലക്കരയില്‍ പിടികൂടിയത് സിപിഎമ്മിന്റെ പണം

തൃശൂര്‍: ചേലക്കരയില്‍ പിടികൂടിയത് സിപിഎമ്മിന്റെ പണമെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. സിപിഎമ്മിനു വേണ്ടി ചെറുതുരുത്തിയില്‍ എത്തിച്ച പണമാണിത്. ഇതിനു പിന്നില്‍ നേരിട്ട് ഇടപെടുന്ന പ്രധാനപ്പെട്ടയാള്‍ എം ആര്‍ മുരളിയാണ്. തനിക്ക് ലഭിച്ച വിവരമാണ് ഇതെന്നും അനില്‍ അക്കര മാധ്യമങ്ങളോട് പറഞ്ഞു.

പണം കൊണ്ടു വന്നത് ചേലക്കരയിലെ പട്ടികജാതി കോളനികളില്‍ വിതരണം ചെയ്യാനാണ്. കരുവന്നൂര്‍ കേസിലെ പ്രതികളുടെ ഉറ്റ ചങ്ങാതിയാണ് പിടിയിലായ ജയന്‍. ചേലക്കരയിലെ കോളനികളില്‍ സിപിഎം പണവും മദ്യവും ഒഴുക്കുന്നു. ചെറുതുരുത്തിയിലെ ജ്യോതി എഞ്ചിനീയറിങ് കോളജിനോട് ചേര്‍ന്ന് ഒരു മന്ത്രിയുടെ സുഹൃത്ത് താമസിക്കുന്നുണ്ട്. അവിടെയാണ് സിപിഎമ്മിന്റെ ഫണ്ട് മുഴുവന്‍ ശേഖരിക്കുന്നത്. അവിടെ നിന്നാണ് പണം വിതരണം ചെയ്യുന്നതെന്ന് അനില്‍ അക്കര പറഞ്ഞു.

വീട് നിര്‍മ്മാണത്തിന് ടൈല്‍സ് വാങ്ങാനാണ് പണമെന്നാണ് പിടിയിലായ ജയന്‍ പൊലീസിനോട് പറഞ്ഞത്. താന്‍ അന്വേഷിച്ചപ്പോള്‍ ജയന്‍ പണിയുന്നത് 2500 സ്‌ക്വയര്‍ഫീറ്റുള്ള വീടാണ്. ഇതിന് 25 ലക്ഷം രൂപയുടെ ടൈല്‍സ് ആവശ്യമുണ്ടോയെന്ന് അനില്‍ അക്കര ചോദിച്ചു. 


അതേസമയം പണം കോണ്‍ഗ്രസിന്റേതാണെന്ന് സിപിഎം നേതാവ് എസി മൊയ്തീന്‍ ആരോപിച്ചു. ആ പണം സിപിഎമ്മിന്റേതല്ല. പണം കൊണ്ടു വന്ന കൊളപ്പുള്ളി ജയന്‍ ബിഡിജെഎസ് നേതാവാണ്. ഇയാള്‍ മുമ്പ് കോണ്‍ഗ്രസുകാരന്‍ ആയിരുന്നെന്നും മൊയ്തീന്‍ പറഞ്ഞു. ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശമായ ചെറുതുരുത്തിയില്‍ നിന്നാണ് രേഖകളില്ലാതെ കാറില്‍ കടത്തിയ 25 ലക്ഷം രൂപ തരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടിയത്.

Leave a Reply

Your email address will not be published.