കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിലെ പ്രതിയും സിപിഐഎം പ്രവർത്തകയുമായ പി.പി. ദിവ്യ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ ഹാജരായി. രാവിലെ 10.30നാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്, എച്ച് ഒ ശ്രീജിത്ത് കോടേരിയുടെ മുൻപിൽ ഹാജരായി ഒപ്പിട്ടത്. എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 10 മുതൽ 11 വരെയുള്ള സമയത്തിനുള്ളിൽ ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയിൽ കോടതി ഉത്തരവിട്ടിരുന്നു.
പി പി ദിവ്യ അര മണിക്കൂറോളമാണ് സ്റ്റേഷനിൽ ചിലവഴിച്ചത്. ദിവ്യ ഒപ്പിടാൻ എത്തുന്നുണ്ടെന്നറിഞ്ഞ് വൻ മാധ്യമപ്പട തന്നെ സ്റ്റേഷനിലെത്തിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചുവെങ്കിലും ഒന്നും പറയാതെ ടൗൺ സ്റ്റേഷന് മുൻപിൽ നിർത്തിയിട്ട കാറിൽ കയറി പോകുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് ഓഫിസിന് മുൻപിൽ തന്നെ കാണാനായി കാത്തുനിന്ന സഹപ്രവർത്തകരോട് കൈ വീശി യാത്ര പറഞ്ഞാണ് ദിവ്യ അഭിഭാഷകൻ്റെ കാറിൽ മടങ്ങിയത്. ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, അഭിഭാഷകർ, പ്രദേശിക നേതാക്കൾ എന്നിവർ ദിവ്യയോടൊപ്പമുണ്ടായിരുന്നു. നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കർശന വ്യവസ്ഥകളോടെയാണ് ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.
Leave a Reply