ഏതു കാലാവസ്ഥയിലും വലിയ പരിചരണം കൂടാതെ പടർന്നു കെട്ടി ഉണ്ടാവുന്ന ഒരു പച്ചക്കറിയാണ് കോവയ്ക്ക. അതുകൊണ്ടുതന്നെ ആവാം മലയാളികൾക്ക് കോവയ്ക്കയെ അത്ര വിലപോരാ. ആയുര്‍വേദത്തില്‍ മധുമേഹ ശമനിയെന്നാണ് കോവയ്ക്ക അറിയപ്പെടുന്നത്. അതായത് മധുമേഹം അഥവാ പ്രമേഹം ശമിപ്പിയ്ക്കുന്നത് എന്നര്‍ത്ഥം. കൂടാതെ മറ്റനവധി ഔഷധഗുണങ്ങളും കോവയ്ക്കയ്ക്ക് ഉണ്ട്. കോവയ്ക്ക അത്ര നിസാരനല്ല എന്നു ചുരുക്കം.
കോവയ്ക്കയുടെ ശാസ്ത്രീയനാമം കൊക്ക ഗ്രാൻഡിസ് എന്നാണ്. ഇംഗ്ലീഷിൽ Ivy gourd എന്നും സംസ്‌കൃതത്തിൽ മധുശമതി എന്നും ഇത് അറിയപ്പെടുന്നു.
ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾക്ക് പ്രതിവിധിയായും ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും കോവയ്ക്ക കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ ഉദര രോഗത്തിന് പ്രതിവിധിയും, ദഹനശക്തി വർധിപ്പിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കിഡ്‌നി സ്റ്റോൺ മൂത്രത്തിലൂടെ അലിഞ്ഞു പോകുന്നതിനും അലർജി, അണുബാധ എന്നീ രോഗങ്ങൾ ഇല്ലാതാക്കാനും കോവയ്ക്ക നല്ല ഒരു ആഹാരമായി ഉപയോഗിക്കാം. ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് കുളിർമ നൽകുന്നതിനും അമിത ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു.
ഏറ്റവും എടുത്ത് പറയേണ്ട ഒന്ന് പ്രമേഹ രോഗികൾക്ക് ഇൻസുലിന് പകരമായി കോവൽ ഇലയുടെ നീര്, വേരിൽ നിന്നുള്ള സത്ത് എന്നിവ ഉപയോഗിക്കാം എന്നതാണ്. ഇൻറർനാഷനൽ ഡയബറ്റിസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് കോവയ്ക്ക പ്രകൃതിദത്ത ഇൻസുലിൻ എന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാൻ കോവയ്ക്കയുടെ ഉപയോഗത്തിലൂടെ സാധിക്കും. ദിവസവും ഇത് ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ പ്രമേഹത്തിന്റെ തോത് കുറഞ്ഞു വരുന്നതായി കാണാൻ കഴിയും. കോവയ്ക്ക ഉപയോഗിച്ച് ധാരാളം വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. തോരൻ, മെഴുക്കുപുരട്ടി, കോവയ്ക്ക അച്ചാർ, പച്ചടി എന്നിവ അതിൽ ചിലത് മാത്രം. വേവിക്കാതെ പച്ചയായി കഴിക്കാവുന്ന ഫലമാണ് കോവയ്ക്ക. കുട്ടികൾ കൂടുതലും പച്ചയായി കഴിക്കാൻ താൽപര്യം കാണിക്കുന്നതായും കാണാം.
Leave a Reply