പെട്ടിയിൽ ഉറച്ച് സിപിഎം ജില്ലാ നേതൃത്വം

പെട്ടിയിൽ ഉറച്ച് സിപിഎം ജില്ലാ നേതൃത്വം

പാലക്കാട്: പെട്ടിയില്‍ കള്ളപ്പണമാണെന്ന് ആവര്‍ത്തിച്ചു സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. പാലക്കാട്ടെ ട്രോളി വിവാദത്തില്‍ മുന്‍ എംപി എന്‍.എന്‍. കൃഷ്ണദാസിന്റെ പ്രസ്താവനയെ തള്ളിയാണ് സുരേഷ് ബാബുവിന്റെ പ്രതികരണം.

ട്രോളിയില്‍ പരാതിയുമായി മുന്നോട്ടു പോകും. സിപിഎം കൊടുത്ത പരാതിയും അന്വേഷണത്തിന്റെ ഭാഗമാകും. നിയമപരമായ അന്വേഷണം നടത്തിക്കഴിയുമ്പോഴാണ് കള്ളപ്പണ വിവാദത്തിന്റെ കൃത്യമായ വസ്തുത പുറത്തു വരികയെന്നും സുരേഷ് ബാബു പറഞ്ഞു.

കള്ളപ്പണം വന്നു എന്നത് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ പുറത്തു വിട്ടതാണ്. തെളിവു സഹിതം വരുന്ന ചില വസ്തുതകള്‍ പൂര്‍ണമായും, കള്ളപ്പണം കൊണ്ടുവന്നു എന്നു തെളിയിക്കപ്പെടുന്ന നിലയിലേക്കാണ് എത്തുന്നത്. ഇന്നലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതില്‍ ഒട്ടേറെ വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ട്. ആദ്യം കയറിയത് ഷാഫിയുടെ കാറിലാണെന്നാണ് രാഹുല്‍ പറഞ്ഞത്. ഷാഫിയുമായി സംസാരിക്കാനായിട്ടാണ് ആ കാറില്‍ കയറിയതെന്നും പറഞ്ഞതായിട്ടാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
എന്നാല്‍ ഷാഫി ആ കാറിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാഫിയുമായിട്ടാണോ, അദ്ദേഹത്തിന്റെ സ്റ്റാഫുമായിട്ടാണോ സംസാരിച്ചതെന്ന് രാഹുല്‍ വ്യക്തമാക്കണം. പ്രധാനപ്പെട്ട വിരോധാഭാസം എന്തെന്നാല്‍ കെപിഎം ഹോട്ടലില്‍ നിന്നും 10 മീറ്റര്‍ പോലും ദൂരമില്ല പ്രസ് ക്ലബ്ബിന്റെ അടുത്തേക്ക്. പ്രസ് ക്ലബിന്റെ മതിലിനോട് ചേര്‍ന്നാണ് ഹോട്ടലിന്റെ മതില്‍. പ്രസ് ക്ലബിന്റെ മുന്നില്‍ വരെ ഒരു കാറില്‍. അതു കഴിഞ്ഞ് രാഹുല്‍ സ്വന്തം കാറില്‍ 700 മീറ്റര്‍ അകലെ കെ ആര്‍ ടവറിന് മുന്നിലെത്തി. സാധാരണ ഗതിയില്‍ അധോലോക സിനിമകളിലാണ് കാറുകളില്‍ മാറിമാറിക്കയറുന്നത് നമ്മളെല്ലാം കാണുന്നതെന്ന് സുരേഷ് ബാബു പറഞ്ഞു.

Leave a Reply

Your email address will not be published.