വാഷിങ്ടൺ: യു.എസിന്റെ 47-ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. വിസ്കോൺസിൽ ലീഡ് ചെയ്യുന്ന സീറ്റുകൾകൂടി ചേർത്താണ് വിജയിക്കാനാവശ്യമായ 270 ഇലക്ടറൽ കോളേജ് വോട്ടുകൾ എന്ന മാജിക് നമ്പർ ട്രംപ് കടന്നത്. തന്റെ വിജയത്തിന് പിന്നാലെ റിപ്പബ്ലിക്കൻ നേതാവ് ജെ.ഡി. വാൻസിനെ യു.എസ് വൈസ് പ്രസിഡന്റായി നിയമിച്ചു.
‘നമ്മൾ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. അസാധ്യമെന്ന് എല്ലാവരും കരുതിയിരുന്ന ഒരു വിജയമാണ് എല്ലാ വെല്ലുവിളികളും മറികടന്ന് നമ്മൾ നേടിയെടുത്തത്. നമ്മടെ രാജ്യം ഒരിക്കലും കണ്ടിട്ടില്ലാത്ത രാഷ്ട്രീയ വിജയമാണിതെന്ന്’ പാം ബീച്ച് കൗണ്ടി കൻവൻഷൻ സെന്ററിൽ അനുയായികളെ അഭിവാദ്യം ചെയ്യവേ ട്രംപ് പറഞ്ഞു.
‘അഭൂതപൂർവവും വളരെ ശക്തവുമായ ഒരു നിയോഗമാണ് അമേരിക്ക ഞങ്ങൾക്കായി കരുതിവെച്ചത്. ഈ ചരിത്ര വിജയത്തിനിടെ ഒരാളെ കൂടി അഭിനന്ദിക്കുകയാണ്. അത് മറ്റാരുമല്ല, വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെ.ഡി. വാൻസിനെയും അദ്ദേഹത്തിന്റെ ഇന്ത്യൻ വംശജ കൂടിയായ മനോഹരിയായ ഭാര്യ ഉഷ വാൻസുമാണ്.’ എന്നും ട്രംപ്.
സെനറ്റർ ജെ.ഡി. വാൻസ് യു.എസിന്റെ 50-ാമത് വൈസ് പ്രസിഡന്റാണ് . 538-ൽ 267 ഇലക്ടറൽ കോളേജ് വോട്ടുകൾ ട്രംപ് നേടിയിരിക്കുന്നത്. വിസ്കോൺസിൽ ലീഡ് ചെയ്യുന്ന 10 സീറ്റുകൾകൂടി ചേർത്താണ് ട്രംപ് 277 എന്ന അക്കത്തിലെത്തുന്നത്. തുടർച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റാവുന്ന രണ്ടാമത്തെയാളാണ് ട്രംപ്.
ഇലക്ടറൽ കോളേജിന് പുറമേ, പോപ്പുലർ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ ട്രംപ് അധികാരത്തിലെത്തുന്നത്. നേരത്തെ, 2016-ൽ പ്രസിഡന്റായ ട്രംപ് ഇലക്ടറൽ കോളേജ് വോട്ടിന്റെ ബലത്തിലാണ് അമേരിക്കയുടെ പ്രഥമ പൗരനായത്. നാലുവർഷം പൂർത്തിയാക്കി 2020 തിരഞ്ഞെടുപ്പിനെ നേരിട്ട ട്രംപ് നിലവിലെ പ്രസിഡന്റ് ജോ ബൈഡനോട് പരാജയപ്പെട്ടിരുന്നു.
Leave a Reply