ആനകൾക്ക് വേണം ‘റസ്റ്റ്‌’

ആനകൾക്ക് വേണം ‘റസ്റ്റ്‌’

കൊച്ചി: ആന എഴുന്നള്ളിപ്പിന് കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുതെന്നും 65 വയസ് കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് എഴുന്നള്ളിപ്പുകള്‍ നടത്തുമ്പോള്‍ അവയ്ക്കിടയില്‍ 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. ആനയെ ഒരുസ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് വാഹനത്തില്‍ കൊണ്ടുപോകുകയാണങ്കില്‍ നൂറ് കിലോമീറ്ററില്‍ അധികം പോകാന്‍ പാടില്ല. നടത്തിക്കൊണ്ടുപോകുകയാണെങ്കില്‍ 30 കിലോമീറ്റര്‍ ദൂരമേ നടത്തിക്കാവൂ. എഴുന്നള്ളിപ്പുകള്‍ക്ക് ആനകളെ നിര്‍ത്തുമ്പോള്‍ അവ തമ്മില്‍ മൂന്നുമീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകള്‍ക്ക് സമീപത്തുനിന്ന് പത്തുമീറ്റര്‍ അകലെ നിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തലപ്പൊക്ക മത്സരം വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ല. അഞ്ചില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവമാണെങ്കില്‍ അതിന് ഉപ്രത്യേക അനുമതി വാങ്ങണം. 24 മണിക്കൂര്‍ മുന്‍പെങ്കിലും ഉത്സവസ്ഥലത്ത് എത്തിച്ച് പരിശോധന നടത്തിയ ശേഷമേ ആനകളെ എഴുന്നള്ളിക്കാവൂ. ആനകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു.

നാട്ടാനകളുടെ എഴുന്നള്ളിപ്പുമായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി അമിക്കസ്‌ക്യൂറിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമുള്ള നിര്‍ദേശങ്ങളാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടായി കോടതിക്ക് സമര്‍പ്പിച്ചത്. 

Leave a Reply

Your email address will not be published.