പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിന് ചിഹ്നമായി. ‘സ്റ്റെതസ്കോപ്’ ചിഹ്നത്തിലാണ് പി. സരിൻ മത്സരിക്കുക. ജനങ്ങളുടെ ഹൃദയത്തുടിപ്പ് അറിയാനും ഹൃദയത്തോട് ചേർത്തു നിർത്തുന്ന ചിഹ്നം ലഭിച്ചതിൽ ഏറെ സന്തോഷം നൽകുന്നു എന്ന് സരിൻ പ്രതികരിച്ചു.
പാലക്കാട് കോൺഗ്രസിന് വേണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ കൈപ്പത്തി ചിഹ്നത്തിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ താമര ചിഹ്നത്തിലും മത്സരിക്കുന്നുണ്ട്. കോൺഗ്രസ് വിട്ടുവന്ന ഡോ.പി.സരിനെ സിപിഎം ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരത്തിനിറക്കിയത്. ഡോക്ടറും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ സരിൻ ഓട്ടോറിക്ഷ ചിഹ്നത്തിനാണ് പ്രഥമ പരിഗണന നൽകിയത്. എന്നാൽ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികൾ ഓട്ടോറിക്ഷ ചിഹ്നം ആവശ്യപ്പെട്ടതോടെ മൂന്ന് പേർക്കുമായി നറുക്കെടുപ്പ് നടത്തി. ഇതിൽ സരിന് സ്റ്റെതസ്കോപ്പാണ് ചിഹ്നമായി കിട്ടിയത്.
എന്നാൽ ഫലം എന്തായാലും പി സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് പ്രതികരിച്ചു. സരിൻ ജയിച്ചാലും തോറ്റാലും സിപിഎമ്മിൽ മികച്ച ഭാവിയുണ്ടാകും. സരിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കും. സരിൻ ഒരിക്കലും പിവി അൻവറിനെപ്പോലെ ആകില്ല. ഒരിക്കലും ഒരു കമ്യുണിസ്റ്റാകാൻ അൻവർ ശ്രമിച്ചിരുന്നില്ല. എന്നാൽ കമ്യൂണിസ്റ്റാകാൻ ശ്രമിക്കുന്ന സരിന് മികച്ച രാഷ്ട്രീയ ഭാവിയുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
Leave a Reply