തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്നും അതിനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം കലങ്ങിയെന്ന് സ്ഥാപിക്കുക സംഘപരിവാറിന്റെ ലക്ഷ്യമാണ്. പ്രതിപക്ഷം ഇതേ വാദം ഉന്നയിക്കുന്നത് സംഘപരിവാറിന്റെ ബി ടീമായതുകൊണ്ടാണ്. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താൻ ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാടാണ് സർക്കാർ ഇക്കാര്യത്തിൽ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളത്. അന്വേഷണം സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിലും നിയമസഭയിലും ഇത് വ്യക്തമാക്കിയതാണെന്നും വാർത്താക്കുറിപ്പൽ പറയുന്നു.
പൂരവും അതുപോലുള്ള ഉത്സവങ്ങളും വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനുള്ള താല്പര്യം സംഘപരിവാറിന്റേതാണ്. അത്തരം കുത്സിത നീക്കങ്ങൾ രാഷ്ട്രീയമായി തുറന്നുകാട്ടാനും തടയാനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനുപകരം സംഘപരിവാറിന്റെ അതേ ലക്ഷ്യത്തോടെ പൂരം കലങ്ങി എന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാനുള്ള കുടില നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. അവ തുറന്നുകാട്ടുമ്പോൾ അസഹിഷ്ണുതയോടെ പൂരം കലങ്ങി എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് സംഘപരിവാറിന്റെ ബി ടീമായി കളിക്കുന്നതുകൊണ്ടാണ്. പൂരം കലക്കണം എന്നത് സംഘപരിവാറിന്റെ താൽപര്യം ആയിരുന്നു. കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് യുഡിഎഫിന്റെ താല്പര്യമായി മാറിയിരിക്കുന്നു. ഇതിന് രണ്ടിനോടും ഒപ്പമല്ല പൂര പ്രേമികളും ജനങ്ങളാകെയുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
ചില ആചാരങ്ങള്‍ ചുരുക്കേണ്ടി വന്നു. വെടിക്കെട്ട് രാവിലെ മാത്രമേ നടന്നുള്ളൂ. ദീപാലങ്കാരങ്ങള്‍ ഓഫ് ചെയ്യുന്ന നടപടിയും ഉണ്ടായെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പൂരം കലക്കൽ പരാമർശത്തിന് എതിരെ സിപിഐ ഉൾപ്പടെ രംഗത്തെത്തിയിരുന്നു. പിന്നാലെ പൂരം കലക്കലിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍, ഗൂഢാലോചന, രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്ഐടി) ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
Leave a Reply