കെ.പി. പ്രവീൺ
ചേലക്കര: ചെറുപ്പം മുതല്‍ തുടങ്ങിയതാണ് റേഡിയോയുമായുള്ള നടത്തം. ഇന്നും ഊണിലും ഉറക്കത്തിലും രാമകൃഷ്ണേട്ടന് റേഡിയോ ഇല്ലാതെ ജീവിതമില്ല. ചേലക്കര അന്തിമഹാകാളന്‍കാവ് കാരപ്പറമ്പില്‍ വീട്ടില്‍ കെ.വി. രാമകൃഷ്ണന്റെ കൈയ്യിലാണ് ആകാശവാണി മുതല്‍ ക്ലബ്ബ് എഫ്.എം.വരെ 250-ലേറെ റേഡിയോ ഉള്ളത്.
അച്ഛനും അമ്മാവന്മാര്ക്കൊപ്പം സ്വര്ണപണിയുടെ കാലംമുതല്‍ തുടങ്ങിയതാണ് റേഡിയോയുമായുള്ള അടുപ്പം. സ്വര്‍ണപ്പണി വളരെ ശ്രദ്ധിച്ച് ചെയ്യേണ്ട ജോലിയാണ്. അതിനാല്‍ ടി.വി.യിലേക്ക് നോക്കിയിരിക്കാന്‍ സാധിക്കില്ല. അതിനാലാണ് റേഡിയോ വാങ്ങി ഉപയോഗിച്ച് തുടങ്ങിയത്.
പണ്ട് അച്ഛന് വാര്‍ത്തകള്‍ കേള്‍ക്കാന്‍ വളരെ ഇഷ്ടമായിരുന്നു. അങ്ങിനെ ആകാശവാണി വാര്‍ത്തകള്‍ കേട്ടും റേഡിയോയിലെ പഴയഗാനങ്ങള്‍ കേട്ടുമെല്ലാം പ്രിയം ഇരട്ടിയായി.
പതിനഞ്ചാം വയസ്സില്‍ അമ്മാവന്മാര്ക്കൊപ്പം തമിഴ്നാട്ടില്‍ സേലത്തായിരുന്നു ജോലി. പണി പഠിക്കുന്നതിനിടയില്‍ അന്നും റേഡിയോ കൊണ്ടു നടന്നു. സിനിമഗാനങ്ങള്‍ ഏറെ ഇഷ്ടമാണ്. കെ.ജെ.യേശുദാസും എസ്.പി.ബാലസുബ്രഹ്മണ്യനുമാണ് ഇഷ്ടഗായകര്‍.
സൂപ്പര്‍സ്റ്റാര്‍ രജനികാന്താണ് ഇഷ്ടനായകന്. ഇവരുടെ സിനിമ ഗാനങ്ങളെല്ലാം കാസറ്റുകള്‍ എവിടെ കിട്ടിയാലും വാങ്ങിക്കും. അങ്ങിനെ ജോലിസ്ഥലത്ത് പോയി കിട്ടുന്ന പൈസക്ക് കാസറ്റും റേഡിയോയും ടേപ്പ് റിക്കാര്‍ഡറും വാങ്ങിക്കും. വീട്ടിലിപ്പോള്‍ 250-ലധികം റേഡിയോ ഉണ്ട്.
വീടിന്റെ ഒരു മുറി നിറയെ ഇന്നിപ്പോള്‍ റേഡിയോയാണ്. ചെറിയ വാക്ക് മാന്‍ തുടങ്ങി രണ്ട് വലിയ സൗണ്ട് ബോക്സുകളോടെയുള്ള സി.ഡി.പ്ലേയര്‍ വരെ വീട്ടിലുണ്ട്. ചെറിയ തകരാറ് സംഭവിച്ചാല്‍പ്പോലും ഇവയൊന്നും വില്ക്കാന് രാമകൃഷ്ണേട്ടന് മനസ്സ് വരുന്നില്ല. അതിനാല്‍ ഇന്നും ഇടയ്ക്ക് ഇവയെല്ലാം പൊടിതട്ടി വീട്ടിലെ മുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാമകൃഷ്ണേട്ടന്റെ ഇഷ്ടങ്ങള്‍ക്ക് ഭാര്യ രാജേശ്വരിയും എതിര് നില്‍ക്കാറില്ല.
പൂരങ്ങളും വേലകള്‍ക്കും വരെ ടേപ്പ്റിക്കാര്ഡര് കൊണ്ട് പോകും. പഞ്ചവാദ്യവും പാണ്ടിമേളവുമെല്ലാം റെക്കോര്‍ഡ് ചെയ്ത് ഇടയ്ക്ക് ഇവ കേട്ടാസ്വദിക്കും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ റേഡിയോയും പാട്ടുകളും കേട്ടാസ്വദിച്ച് ജോലി നോക്കുന്ന രാമകൃഷ്ണേട്ടന് ചേലക്കരക്കാര്‍ക്കും ഏറെ സുപരിചിതനാണ്.
ചേലക്കര ടൗണില്‍ സബ്ബ്രജിസ്ട്രാര്‍ ഓഫീസിന് സമീപത്ത് തന്നെയാണ് രാമകൃഷ്ണേട്ടന്റെ കടയും. റേഡിയോ തരംഗത്തില്‍ മാത്രമല്ല,വ്യത്യസ്്തമായ പേരുകള്‍ മക്കള്‍ക്ക് നല്‍കിയും രാമകൃഷ്ണേട്ടന് വേറിട്ട് നില്ക്കുന്നു.
ആന്‍ഡ്രില ക്ലര്‍ക്ക്,മൃദുല,ബ്രിട്ടീഷന് എന്നിങ്ങനെയാണ് മൂന്ന് മക്കളുടെ പേരുകള്‍. എന്താണ് ഇങ്ങനെയൊരു പേരുകള്‍ കണ്ടെത്താനുള്ള കാരണമെന്ന് ചോദിച്ചാല്‍ പേരിനൊരു വ്യത്യസ്തതയും പുതുമയും വേണമെന്ന വിചാരിച്ചതിനാലാണെന്ന മറുപടിയാണ് രാമകൃഷ്ണേട്ടനുള്ളത്.
Leave a Reply